പൗരത്വ ഭേദഗതി നിയമം; ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളില്‍ ഉയര്‍ന്ന ഗുരുതരമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. 29 ന് ഞായാറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്മെന്റ് ഹൗസിലായിരിക്കും യോഗം.

ഇന്ത്യന്‍ ജനതയെ ഭീതിയിലാഴ്ത്തുകയും ഭരണഘടനയുടെ അന്തസത്തതയെ തന്നെ ചോദ്യം ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് മുസ്ലീം സംഘടന നേതാക്കളുടെ യോഗം വിളിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ ആളിക്കത്തിയ പ്രതിഷേധത്തില്‍ ഇതിനോടകം 21ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ എത്ര പേര്‍ വെടിയേറ്റ് മരണപ്പെട്ടു എന്നത് വ്യക്തമല്ല. പ്രധാനമന്ത്രി പദത്തിലെത്തിയതിനു ശേഷം നരേന്ദ്ര മോഡി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് പൗരത്വ നിയമ ഭേദഗതി ഇപ്പോള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിമയത്തിനെതിരെ ഇപ്പോഴും പ്രതിഷേധം നടക്കുന്നുണ്ട്.

Exit mobile version