മംഗലാപുരത്ത് നിരോധനാജ്ഞ; കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം

ഇതിനായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മംഗലാപുരത്തെ പമ്പെല്‍ സര്‍ക്കിളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ എത്തും

തിരുവനന്തപുരം: പ്രതിഷേധം ശക്തമായതിന് പിന്നാലെ മംഗലാപുരത്ത് കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. കെഎസ്ആര്‍ടിസി ബസുകളില്‍ സുരക്ഷയോടെ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി നടപടികള്‍ ആരംഭിച്ചു.

പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെ മംഗളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് മംഗലാപുരത്ത് കുടുങ്ങി കിടക്കുന്നത്.

സര്‍ക്കാര്‍ നീക്കം അനുസരിച്ച് കെഎസ്ആര്‍ടിസി ബസില്‍ പോലീസ് സുരക്ഷ ഒരുക്കി നാട്ടിലേക്ക് എത്തിക്കാനാണ് തീരുമാനം. ഇതിനായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മംഗലാപുരത്തെ പമ്പെല്‍ സര്‍ക്കിളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ എത്തും.

നാട്ടിലേക്ക് വരാന്‍ ഉദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ബസുകളില്‍ കയറി കേരളത്തിലേക്ക് വരാം. പോലീസ് സംരക്ഷണയിലാവും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുക. കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ കാസര്‍ഗോഡ് എത്തിക്കാനാണ് നീക്കം. ബസുകളുടെ സുരക്ഷ ഉറപ്പാക്കാനായി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ മംഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മംഗലാപുരത്തെ മലയാളി വിദ്യാര്‍ത്ഥികളോട് പമ്പെല്‍ സര്‍ക്കിളില്‍ എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ മംഗളൂരുവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവിന് താത്കാലിക ഇളവ് പ്രഖ്യാപിച്ചു. മംഗലൂരില്‍ ഇന്നു വൈകിട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പകലും കര്‍ഫ്യുവില്‍ ഇളവ് നല്‍കിയിട്ടുണ്ട്. മംഗലാപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കര്‍ഫ്യൂവിന് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.

Exit mobile version