വീണ്ടും ഞെട്ടിച്ച് ആൾക്കൂട്ട ആക്രമണം; തിരുവല്ലത്ത് ആൾക്കൂട്ടം മർദ്ദിച്ച യുവാവ് മരിച്ചു; ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച യുവാവ് മരിച്ചു. തിരുവല്ലത്തിനടുത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെയുള്ളവർ ചേർന്ന് മർദ്ദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്. ക്രൂരമായ മർദനത്തിന് ശേഷം ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.

ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങിയപ്പോൾ മലപ്പുറം സ്വദേശിയായ യുവാവിന്റെ 40000 രൂപയും മൊബൈൽ ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി. ഈ സംഭവം അടുത്തുള്ള ഓട്ടോക്കാരെ അറിയിച്ചപ്പോൾ അവർ അവിടെ സ്ഥിരം മോഷണം നടത്തുന്ന യുവാവാണ് എന്നാരോപിച്ച് അജേഷിനെ പിടിച്ചുകൊണ്ട് വന്ന് വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. അജേഷ് മരിച്ചതോടെ കേസിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് അജേഷിന് മർദ്ദനമേറ്റത്. മോഷണം ആരോപിച്ച് അജേഷിനെ നടുറോഡിൽ നിന്ന് സംഘം ചേർന്ന് പിടിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അജേഷ് മരിച്ചു.

40,000 രൂപയും മൊബൈൽ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വർഗീസിന്റെ നേതൃത്വത്തിൽ അജേഷിനെ ക്രൂരമായി മർദ്ദിച്ചത്. അജേഷിന്റെ വീട്ടിൽ തന്നെ മോഷണം പോയ ഫോൺ ഉണ്ടെന്ന് ആരോപിച്ച് പരിശോധന നടത്താനെത്തുകയായിരുന്നു സംഘം. തെരച്ചിലിൽ ഫോൺ കിട്ടാതെ വന്നതോടെ കമ്പുകൊണ്ട് അടിച്ച ശേഷം വീട്ടിലുണ്ടായിരുന്നു വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും വച്ച് പൊള്ളിച്ചു.

മർദനത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച അജേഷ് വയലിൽ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ അറിയിച്ച ശേഷം പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അജേഷിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഓട്ടോ ഡ്രൈവർമാരും അജേഷിന്റെ അയൽവാസിയായ ഒരു യുവാവും അടക്കം അഞ്ച് പേരെയാണ് റിമാൻഡ് ചെയ്തത്. തിരുവല്ലം സ്റ്റേഷനിൽപ്പെട്ട വണ്ടിത്തടം ജങ്ഷനിൽ വച്ചായിരുന്നു സംഭവം.

Exit mobile version