മാനസികരോഗിയാക്കി ബന്ധുക്കൾ; നിയമത്തെ കരുത്താക്കി യുവാവ്; സങ്കടക്കടൽ താണ്ടി ഗഫൂറും സാബിഖയും ഒന്നായി

മറ്റത്തൂർ: വിരഹത്തിന്റേയും കഠിനമായ പീഡനങ്ങളുടേയും കാലം കടന്നുപോയി, ഒടുവിൽ സാബിഖയും ഗഫൂറും ആഗ്രഹിച്ചതുപോലെ ഇരുവരുടേയും പ്രണയം സഫലമായി. ഏഴുവർഷത്തെ പ്രണയകാലത്തിനിടയ്ക്ക് വീട്ടുതടങ്കലും മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അനാവശ്യ ചികിത്സയ്ക്കും സാബിഖ വിധേയയായിരുന്നു. ഒടുവിൽ നിയമം സഹായിച്ചതോടെ കോടാലി രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇരുവരും ഒന്നായത്. രജിസ്ട്രാർ ബിപി സുരേന്ദ്രനു മുന്നിൽ ഇരുവരും വിവാഹ രജിസ്റ്ററിൽ ഒപ്പുവെച്ചു. തുടർന്ന് എല്ലാവർക്കും മധുരം നൽകി വിവാഹസത്കാരം നടത്തി. ഇപ്പോൾ ബിഡിഎസ് വിദ്യാർത്ഥിനിയാണ് സാബിഖ. ”പ്രേമിച്ചതിന്റെ പേരിൽ ആരെയും ഇങ്ങനെ ദ്രോഹിക്കരുത്, ഇനി സാബിഖയുടെ പഠനം പൂർത്തിയാക്കണം, അതിനുമുമ്പ് അനാവശ്യമായി മരുന്നുകൾ കഴിപ്പിച്ചതിന്റെ പ്രശ്‌നങ്ങൾ ഒഴിവാക്കാനുള്ള ചികിത്സ തുടങ്ങണം”-ഗഫൂർ പറഞ്ഞു.

വരന്തരപ്പിള്ളി, വേലൂപ്പാടം എടക്കണ്ടൻവീട്ടിൽ ഗഫൂറും പെരിന്തൽമണ്ണ ചേറുകര, കൂടംകുളം, വാഴതൊടിവീട്ടിൽ സാബിഖയും തൃശ്ശൂരിൽ വെച്ച് ഏഴുവർഷം മുമ്പാണ് കണ്ടുമുട്ടിയത്. ഇരുവരുടേയും പ്രണയത്തെ എതിർത്ത സാബിഖയുടെ വീട്ടുകാർ സാബിഖയെ പൈങ്കുളം, തൊടുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ മാനസികാരോഗ്യകേന്ദ്രങ്ങളിലാക്കി. മരുന്നുകൾ നൽകി മാനസികരോഗിയാക്കാനായിരുന്നു ശ്രമിച്ചതെന്ന് സാബിഖ പറയുന്നു. ഇതോടെ സാബിഖയേയും പ്രണയത്തേയും സംരക്ഷിക്കാനായി സെപ്റ്റംബർ 27-ന് ഗഫൂർ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് കോടാലി സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകി. വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുതെന്നും മകൾ മാനസികരോഗിയാണെന്നും പറഞ്ഞ് സാബിഖയുടെ പിതാവും രജിസ്ട്രാറെ സമീപിച്ചു. മാനസികരോഗമുണ്ടെന്നതിന് തെളിവ് ഹാജരാക്കണമെന്ന് രജിസ്ട്രാർ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.

സാബിഖയെ വീട്ടുകാർ തടവിലിട്ടതിനെ തുടർന്ന് ഗഫൂർ താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് ഹേബിയസ് കോർപ്പസ് ഹർജി നൽകി. കോടതി പെരിന്തൽമണ്ണ എസ്‌ഐ മഞ്ജിത് ലാലിനോട് സാബിഖയെ കണ്ടെത്താൻ ആവശ്യപ്പെട്ടു. അന്വേഷണത്തിനൊടുവിൽ സാബിഖയെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി.

കോടതി നിർദേശപ്രകാരം സാബിഖയെ ഗഫൂറിനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഇരുവരും കോടാലി സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹിതരായത്. ഏറെ ദുരിതം സഹിച്ചെങ്കിലും ഇപ്പോൾ സന്തോഷമുണ്ടെന്നായിരുന്നു സാബിഖയുടെ പ്രതികരണം.

Exit mobile version