എന്താണീ സാധന സാമഗ്രികള്‍? ശബരിമലയിലേക്ക് പ്രവര്‍ത്തകര്‍ സഞ്ചിയില്‍ സാധനസാമഗ്രികള്‍ എത്തിക്കണമെന്ന ബിജെപി സര്‍ക്കുലറില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി

മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്കായി ഓരോ ജില്ലാ ഭാരവാഹിയെ ചുമതലക്കാരനാക്കിയാണ് പ്രവര്‍ത്തകരെ ശബരിമലയിലെത്തിക്കാന്‍ നീക്കം നടക്കുന്നത്.

കൊച്ചി: ശബരിമലയിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനുള്ള ബിജെപി സര്‍ക്കുലറിനെതിരെ ഹൈക്കോടതി. കണ്ണൂരില്‍ നിന്നിറങ്ങിയ സര്‍ക്കുലറില്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ എത്തണമെന്നാണ് പറയുന്നത്.

സഞ്ചിയില്‍ സാധാനസമാഗ്രികള്‍ കൊണ്ടുവരണമെന്നും പറയുന്നു. എന്താണീ സാധനസാമഗ്രികള്‍. ഇതേ കുറിച്ച് പോലീസ് അന്വേഷിച്ച് കോടതിയ്ക്ക് മറുപടി നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തയ്യാറാക്കിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തായത്. മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്കായി ഓരോ ജില്ലാ ഭാരവാഹിയെ ചുമതലക്കാരനാക്കിയാണ് പ്രവര്‍ത്തകരെ ശബരിമലയിലെത്തിക്കാന്‍ നീക്കം നടക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പേരിലാണ് സര്‍ക്കുലര്‍. ഈ സര്‍ക്കുലര്‍ ശരിവെച്ച് എഎന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ശബരിമലയില്‍ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ എത്തിക്കേണ്ടതിന്റെ ചുമതല ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കള്‍ക്കാണ്. പോലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് ഭക്തരുടെ താല്‍പര്യം സംരക്ഷിക്കാനും ഇടപെടാനും സംസ്ഥാന നേതാക്കള്‍ക്കും പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്.

Exit mobile version