നവംബർ അവസാനിക്കുമ്പോൾ സർവീസിൽ ഉണ്ടായിരിക്കണം; ഡോക്ടർമാർക്ക് ഉൾപ്പടെ അന്ത്യശാസനം നൽകി കെകെ ഷൈലജ

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ നിന്നും വിരമിക്കുകയോ രാജിവെയ്ക്കുകയോ ചെയ്യാതെ അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിൽക്കുന്ന ജീവനക്കാർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജയുടെ അന്ത്യശാസനം. 2019 നവംബർ 30ന് മുമ്പായി സർവീസിൽ തിരികെ പ്രവേശിക്കാനാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്.

ഈ മാസം 30 ന് മുമ്പ് ഹാജരാകാത്തവർക്ക് ഇനി ഒരു അവസരം ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. 483 ഡോക്ടർമാരും 97 മറ്റ് ജീവനക്കാരും ഉൾപ്പെടെ 580 ജീവനക്കാരാണ് സർവീസിൽ നിന്ന് വിട്ടുനിൽക്കുന്നത്. നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ സർവീസിൽ തിരികെയെത്തിയില്ലെങ്കിൽ പിരിച്ചുവിടൽ അടക്കമുള്ള നടപടിയിലേക്ക് ആരോഗ്യ വകുപ്പ് കടക്കുമെന്ന് മന്ത്രി കെകെ ഷൈലജ വ്യക്തമാക്കി.

അവസരം നൽകിയിട്ടും അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടർമാരെ മന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന് നേരത്തെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെ ജീവനക്കാർക്കും സർവീസിൽ പുനഃപ്രവേശിക്കാൻ ഒരവസരവും നൽകിയിരുന്നു. അന്ന് ഹാജരാകാൻ സാധിക്കാത്തവർക്കാണ് സർവീസിൽ പുനഃപ്രവേശിക്കാൻ അവസാന അവസരം ഇപ്പോൾ നൽകിയിരിക്കുന്നത്.

Exit mobile version