ലക്ഷങ്ങൾ മോഷ്ടിച്ചെന്ന കുറ്റം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു; ഒടുവിൽ കുറ്റമേറ്റ് മറ്റൊരു കള്ളൻ; കള്ളകേസെടുത്ത വെള്ളറട പോലീസ് കുരുക്കിലുമായി

വെള്ളറട: മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞതോടെ വെട്ടിലായി വെള്ളറട പോലീസ്. ഒരു കടയിൽ നിന്നും രണ്ടര ലക്ഷം രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് രജിനെന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ മറ്റൊരു മോഷണ കേസിൽ വെള്ളറട പോലീസ് തന്നെ അറസ്റ്റ് ചെയ്ത ആകാശ് എന്ന പ്രതി ഈ മോഷണക്കുറ്റം സമ്മതിച്ചതോടെ പോലീസും കുരുക്കിലായി. രജിനെതിരെ കള്ളക്കേസെടുത്തതാണെന്ന് മുമ്പ് തന്നെ ആരോപണം ഉയർന്നിരുന്നു.

രണ്ടര വർഷം മുമ്പാണ് ഒരു കടയിൽ നിന്നും രണ്ടര ലക്ഷം രൂപ മോഷ്ടിച്ചുവെന്നാരോപിച്ചാണ് രജിൻ എന്ന യുവാവിനെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്യുന്നത്. തൊണ്ടിമുതലും തെളിവുകളുമില്ലാതെയാണ് ഹൃദ്രോഹി കൂടിയായ രജിനെ അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 21 ദിവസം രജിൻ ജയിലിൽ കിടന്നു. നിരപാധിത്വം തെളിയിക്കാനായി രജിൻ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ റൂറൽ എസ്പി പുനരന്വേഷണത്തിന് ഉത്തരവിട്ടു.

രജിനെതിരെ രജിസ്റ്റർ ചെയ്തത് കള്ളക്കേസാണെന്ന് തെളിഞ്ഞതോടെ അന്ന് കേസെടുക്കാൻ നേതൃത്വം നൽകിയ സിഐ അജിത്ത്, എസ്‌ഐ വിജയകുമാർ എന്നിവരെ ഡിജിപി സസ്‌പെന്റ് ചെയ്തിരുന്നു. എന്നാൽ ആരാണ് യാഥാർത്ഥ കുറ്റവാളിയെന്ന് അന്നും കണ്ടെത്തിയിരുന്നില്ല.

ഇതിനിടെയാണ് ഏകദേശം രണ്ടര വർഷങ്ങക്കിപ്പുറം നിരവധി മോഷണക്കേസുകളിലെ പ്രതിയായ ആകാശെന്ന യുവാവിനെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കടയിൽ നിന്നും രണ്ടര ലക്ഷം രൂപമോഷ്ടിച്ചത് താനാണെന്ന് ആകാശ് കുറ്റസമ്മതം നടത്തിയത്. ഇതോടെ കുരുക്കിലാകും എന്ന് ഉറപ്പായ പോലീസ് ഈ വിവരം പുറത്തുവിടാതെ ആകാശിനെ റിമാന്റ് ചെയ്യുകയായിരുന്നു. അതേസമയം, തന്നെ കുറ്റവാളിയാക്കാൻ പോലീസും ചില സാമൂഹിക വിരുദ്ധരും ചേർന്നു നടത്തിയ ഗൂഢാലോചനയെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് രജിൻ.

Exit mobile version