യുഎപിഎ ചുമത്തിയ അലനും താഹയും നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ചെന്ന് പോലീസ്; എൻഐഎ ചോദ്യം ചെയ്തു

കോഴിക്കോട്: കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളായ അലൻ ഷുഹൈബും താഹ ഫസലും നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പോലീസ്. ഇവരെ എൻഐഎ സംഘം ചോദ്യം ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. ഇരുവരുടെയും കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുന്നത്.

ചോദ്യം ചെയ്യലിനോട് തുടക്കത്തിൽ നിസഹകരിച്ച അലനും താഹയും പിന്നീട് നിർണായക വിവരങ്ങൾ കൈമാറിയതായി പോലീസ് പറയുന്നു. ഡിജിറ്റൽ തെളിവുകൾ നിരത്തി ചോദ്യംചെയ്തതോടെയാണ് ഇരുവരും മാവോയിസ്റ്റ് ബന്ധം തുറന്നുസമ്മതിച്ചത്. ഇവരുടെ പെൻഡ്രൈവിൽ നിന്നും മെമ്മറി കാർഡിൽ നിന്നും മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന നിർണ്ണായക രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എൻഐഎ സംഘവും കേന്ദ്ര ഇന്റലിജൻസ് വിഭാഗവും ഇരുവരെയും ചോദ്യം ചെയ്തു. തെളിവുകൾ പലതും നശിപ്പിക്കപ്പെട്ടുവെന്നും പോലീസ് പറയുന്നു.

തെളിവെടുപ്പിനായി ഇവരെ നേരിട്ട് എവിടെയും കൊണ്ടുപോയിട്ടില്ല. അതേസമയം, നാളെ പോലീസ് കസ്റ്റഡി അവസാനിക്കുമെങ്കിലും കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം. ഇവരുടെ ജാമ്യാപേക്ഷയും നാളെ ഹൈക്കോടതി പരിഗണിക്കും.

Exit mobile version