പത്ത് രൂപയ്ക്ക് നഗരം ചുറ്റി കറങ്ങാം; 15 കിലോമീറ്റർ വരെ സഞ്ചരിക്കാം; വരുന്നു കെഎസ്ആർടിസിയുടെ ഒറ്റനാണയം സർവീസ്

പാലക്കാട്: വെറും പത്തു രൂപ കൊണ്ട് ഇനി പാലക്കാട് നഗരമാകെ ചുറ്റി കറങ്ങാം. കെഎസ്ആർടിസിയുടെ ഒറ്റനാണയം സിറ്റി സർവീസാണ് യാത്രക്കാർക്കും സഞ്ചാരികൾക്കുമായി ഈ ഓഫർ തുടങ്ങിവെയ്ക്കുന്നത്. 10 രൂപ ചെലവിൽ നഗരത്തിൽ എവിടെയും യാത്ര ചെയ്യാനാകുന്ന കെഎസ്ആർടിസ് പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പാലക്കാട് ഡിപ്പോയിൽ നടപ്പിലാക്കാൻ കെഎസ്ആർടിസി പദ്ധതിയിടുന്നത്.

നഗരത്തിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാൾ, സിനിമാ തീയ്യേറ്റർ തുടങ്ങി പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ചാകും സർവീസ്. 10 രൂപ കൊണ്ട് കുറഞ്ഞത് 15 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നാണ് വിവരം.

ഹൈറേഞ്ച് സർവീസ് നടത്തുന്ന ചെറിയ ബസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ഇത്തരത്തിൽ 3 ബസുകൾ ഡിപ്പോയിലുണ്ട്. ബസിനു പ്രത്യേക നിറം നൽകും. വിദ്യാർത്ഥികൾക്കു കൺസഷൻ നൽകുന്ന കാര്യവും പരിഗണിക്കുമെന്നു ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി ഉബൈദ് അറിയിച്ചു. ജില്ലാ ആശുപത്രിയേയും പാലക്കാട് മെഡിക്കൽ കോളേജിനേയും ബന്ധിപ്പിക്കുന്ന ബസ് സർവീസ് ആരംഭിക്കാനും നീക്കമുണ്ട്

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു നഗരത്തിലെ പ്രധാന ഇടങ്ങൾ വഴി പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ അവസാനിക്കുന്ന രീതിയിലാണ് ആദ്യ സർവീസ് ഒരുക്കിയിട്ടുള്ളത്. പ്രായമായവർ, രോഗികൾ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ തുടങ്ങി അവശത അനുഭവിക്കുന്ന ട്രെയിൻ യാത്രക്കാർക്കും സർവീസ് ഗുണം ചെയ്യും. പദ്ധതി വിജയം കണ്ടാൽ ജില്ലയിലെ മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും തുടർന്ന് കൂടുതൽ സർവീസ് ആരംഭിക്കും.
ബസിനു റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കേണ്ടതുള്ളതിനാൽ റെയിൽവേയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതർ.

Exit mobile version