കുഞ്ഞിനെ വീട്ടിലാക്കി വിവാഹത്തിൽ പങ്കെടുക്കാനായി തിരിച്ചു; പാതിവഴിയിൽ ദമ്പതികളുടെ ജീവൻ കവർന്ന് ലോ ഫ്‌ളോർ ബസ്

കൊല്ലം: കൊല്ലത്ത് കെയുആർടിസി ജൻറം ബസും കാറും കൂട്ടിയിടിച്ച് യുവദമ്പതിമാർക്ക് ദാരുണാന്ത്യം. കൊല്ലം പാരിപ്പള്ളി മുക്കടയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ദമ്പതിമാർ മരിച്ചത്. നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ രാഹുൽ എസ് നായർ (30), ഭാര്യ സൗമ്യ (28) എന്നിവരാണ് മരിച്ചത്.

രാവിലെ 10.30 ഓടെ കെയുആർടിസി ജൻറം ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മയ്യനാട് ഒരു വിവാഹത്തിൽ പങ്കെടുക്കാനായാണ് ഇരുവരും നെയ്യാറ്റിൻകരയിൽ നിന്നും പുറപ്പെട്ടത്. കൊല്ലത്തേക്ക് പോവുകയായിരുന്ന ഇവരുടെ കാറും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിലാക്കിയാണ് ഇരുവരും വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പുറപ്പെട്ടത്. യാത്രയുടെ അവസാന നിമിഷം കുഞ്ഞിനെ യാത്രയിൽ നിന്നും ഒഴിവാക്കിയതിനാൽ അപകടത്തിൽ പെടാതെ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

Exit mobile version