ഫോണില്‍ സംസാരിച്ച് ഡ്രൈവിംഗ്: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് യാത്രക്കാരന്‍

തൃശ്ശൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് യാത്രക്കാരന്‍. കെഎസ്ആര്‍ടിസി നോര്‍ത്ത് പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ചെറായി കോല്‍പ്പുറത്ത് കെടി ഷാനിലാണ് പണി കിട്ടിയത്.

ഷാനില്‍ മൊബൈലില്‍ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ബസിലെ ഒരു യാത്രക്കാരന്‍ എന്‍ഫോഴ്‌സമെന്റ് ആര്‍ടിഒക്ക് വാട്‌സ് ആപ്പില്‍ അയച്ചുകൊടുത്തു. ഇതോടെ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഒരു മാസത്തേക്ക് മരവിപ്പിച്ചു.

നോര്‍ത്ത് പറവൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ അയക്കാനുള്ള 9946100100 എന്ന വാട്‌സ് ആപ്പ് നമ്പറിലാണ് യാത്രികന്‍ വീഡിയോ അയച്ചത്.

പരാതി ലഭിച്ചയുടന്‍ തൃശൂര്‍ ആര്‍ടിഒ ഡ്രൈവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ആര്‍ടിഒ മുമ്പാകെ ഹാജരായ ഡ്രൈവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഒരുമാസത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് മരവിപ്പിക്കുകയും മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എടപ്പാള്‍ ഐഡിടിആറില്‍ ഒരു ദിവസത്തെ ബോധവത്കരണ ക്ലാസിനും അയക്കുകയും ചെയ്തു.

Exit mobile version