ശബരിമലയിലെ അറസ്റ്റ്: നിരോധനാജ്ഞ ലംഘിക്കാനുള്ള അവകാശമില്ലേ ജനങ്ങള്‍ക്ക്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള

എന്ത് അടിസ്ഥാനത്തിലാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തതെന്ന് ശ്രീധരന്‍പിള്ള ചോദിച്ചു.

കൊച്ചി: ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് വലിയനടപ്പന്തലില്‍ പ്രതിഷേധിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ജനങ്ങളെ കൂട്ട അറസ്റ്റ് നടത്തിയതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ബിജെപി ആവശ്യപ്പെടുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തതെന്ന് ശ്രീധരന്‍പിള്ള ചോദിച്ചു.

144 ലംഘിക്കാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേയെന്നും അങ്ങനെ ലംഘിച്ചാല്‍ പെറ്റി കേസാണ് എടുക്കേണ്ടതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അറസ്റ്റ് അധികാരം ദുരുപയോഗപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കേണ്ട കാര്യം ബിജെപി പരിഗണിക്കും. നിരോധനാജ്ഞ ശബരിമലയില്‍ അനാവശ്യമാണ്. നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ കൂട്ടായി ഒരു വാഹനത്തില്‍ ഒരു ഗുരുസ്വാമിയുടെ കീഴില്‍ ഒന്നിച്ചു വരുന്നവര്‍ക്ക് പല തട്ടുകളിലായി പോകാന്‍ സാധിക്കുമോ. ഗുരുസ്വാമിമാരുടെ അവകാശമല്ലെ അവരെ ഒരുമിച്ച് സന്നിധാനത്ത് എത്തിക്കേണ്ടത് ശ്രീധരന്‍പിള്ള പറഞ്ഞു.

‘ഐപിഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുകയാണ്. പേരക്കുട്ടികള്‍ക്ക് ചോറ് കൊടുക്കാന്‍ പോയ കെപി ശശികലയെ എസ്പി യതീഷ് ചന്ദ്രയ്ക്ക് വഴിയില്‍ തടയേണ്ട കാര്യമെന്തായിരുന്നു? പോലീസിന്റെ കൈയില്‍ നിന്ന് അയ്യപ്പഭക്തര്‍ക്ക് നീതി കിട്ടുന്നില്ലെന്നതിന്റെ തെളിവാണിത്. മനുഷ്യാവകാശങ്ങളുടെ പ്രേതഭൂമിയായി കേരളം മാറുകയാണ്’ശ്രീധരന്‍ പിള്ള പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാര്‍ക്ക് മജിസ്‌ട്രേറ്റുമാരുടെ അടുത്ത് നിന്ന് പോലും നീതി കിട്ടുന്നില്ല. സന്നിധാനത്തെ ഈ നിയന്ത്രണങ്ങള്‍ക്കും ഇന്നലത്തെ കൂട്ട അറസ്റ്റിനുമെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Exit mobile version