ഇന്ദിര ഗാന്ധി അനുസ്മരണ യോഗത്തിന് ഇടയിൽ തമ്മിൽ തല്ലി കോൺഗ്രസ് നേതാക്കൾ; കയ്യാങ്കളി സൗമി ജെയിനെ മാറ്റുന്നതിനെ ചൊല്ലി

കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണ യോഗത്തിനിടെ കോൺഗ്രസ് നേതാക്കളുടെ കയ്യാങ്കളി. എറണാകുളം ഡിസിസിയിലാണ് നേതാക്കൾ മേയർ സ്ഥാനത്തെ ചൊല്ലി തമ്മിൽതല്ലിയത്. കൊച്ചി മേയർ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ മാറ്റണമെന്ന ആവശ്യവും അതിനെ പ്രതിരോധിച്ച് മറ്റൊരു വിഭാഗം രംഗത്തെത്തിയതുമാണ് തർക്കത്തിലേക്ക് നയിച്ചത്.കെവി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി.

മേയർ സൗമിനി ജെയിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോർമൻ ജോസഫ് രംഗത്തെത്തിയതോടെയാണ് ചടങ്ങ് അവതാളത്തിലായത്. ഇന്ദിര ഗാന്ധി അനുസ്മരണ ചടങ്ങിൽ എൻ വേണുഗോപാൽ സംസാരിച്ച് കഴിഞ്ഞ ഉടനെയാണ് അപ്രതീക്ഷിതമായി നോർമൻ ജോസഫ് മേയറെ ഉടൻ മാറ്റണമെന്ന് എണീറ്റ് നിന്ന് കൊണ്ട് ആവശ്യപ്പെട്ടത്. ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത ആവശ്യത്തിൽ ചടങ്ങിൽ പങ്കെടുത്തവരെല്ലാം സ്തബ്ദരായി.

കെബാബു, കെവി തോമസ്, ഡൊമനിക് പ്രസന്റേഷൻ തുടങ്ങി മുതിർന്ന നേതാക്കൾ ചടങ്ങിലുണ്ടായിരുന്നു. മേയറെ താനടക്കമുള്ള നേതാക്കളോട് പോലും മാന്യമായി പെരുമാറുന്നില്ലെന്നത് അടക്കമുള്ള കാര്യങ്ങൾ നോർമൽ ജോസഫ് ഉന്നയിച്ചു. തുടർന്ന് നോർമനെ ചടങ്ങിൽ നിന്നും മാറ്റി നിർത്താൻ മറ്റു നേതാക്കൾ ശ്രമിച്ചപ്പോൾ അവരെ തള്ളി മാറ്റുകയായിരുന്നു. തുടർന്ന് ആക്രോശവും ഉന്തും തള്ളുമായി ചടങ്ങ് അലങ്കോലവുമായി.

കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റുന്നതിനായി നേരത്തെ എറണാകുളത്തെ മുതിർന്ന നേതാക്കൾ കെപിസിസിയെ സമീപിക്കുകയും ഹൈബി ഈഡൻ എംപിയടക്കമുള്ളവർ സൗമിനി ജെയിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.

Exit mobile version