കോർപ്പറേഷന്റെ വീഴ്ചയല്ല ഭൂരിപക്ഷം കുറയാൻ കാരണം; വേണമെങ്കിൽ രാജിവെച്ച് ഒഴിയാൻ തയ്യാർ: സൗമിനി ജെയിൻ

കൊച്ചി: കാലാകാലങ്ങളായി യുഡിഎഫിന്റെ കോട്ടയായ എറണാകുളം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ രാജി സന്നദ്ധത പ്രകടിപ്പിച്ച് കൊച്ചി മേയർ സൗമിനി ജെയിൻ. 3673 വോട്ടിന്റെ നിറംമങ്ങിയ ഭൂരിപക്ഷവുമായാണ് ടിജെ വിനോദ് എറണാകുളം മണ്ഡലം നിലനിർത്തിയത്. 34141 വോട്ടുകൾ നേടി എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയ് രണ്ടാം സ്ഥാനത്തും എൻഡിഎ സ്ഥാനാർത്ഥി സിജി രാജഗോപാൽ 13351 വോട്ടുകളുമായി മൂന്നാം സ്ഥാനത്തുമാണ്.

അതേസമയം, എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന് കാരണം കോർപ്പറേഷന്റെ വീഴ്ചയെന്ന ആരോപണം ശരിയല്ലെന്ന് സൗമിനി ജെയിൻ പ്രതികരിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ രാജി വെക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ കനത്ത മഴയിൽ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയിരുന്നു. പോളിങ് ബൂത്തുകളെ പോലും ഇത് ബാധിച്ചു. വെള്ളക്കെട്ട് കാരണം പോളിംഗ് ശതമാനവും മന്ദഗതിയിലായിരുന്നു. തുടർന്ന് കോർപ്പറേഷൻ ഭരണത്തിനെതിരെ വിമർശനമുയർന്നിരുന്നു. കോർപ്പറേഷൻ സ്വീകരിച്ച അശാസ്ത്രീയ നടപടികളാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്നായിരുന്നു ആരോപണം. ശക്തമായ മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ ഇടപ്പള്ളി മുതൽ എംജി റോഡ് വരെയാണ് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒട്ടേറെ ബൂത്തുകളിൽ വെള്ളം കയറി.

എറണാകുളത്തെ പോളിംഗ് ശതമാനം അറുപത് ശതമാനം പോലും തൊടാത്തത് യുഡിഎഫിനെ ആശങ്കയിലാഴ്ത്തിയിരുന്നു. അതേസമയം, നിറം മങ്ങിയതാണെങ്കിൽ പോലും ഉറച്ച കോട്ടയെന്ന വിശേഷണമുള്ള മണ്ഡലമായ എറണാകുളം നിലനിർത്താൻ കഴിഞ്ഞത് യുഡിഎഫിന് ആശ്വാസം പകരുന്നു. പോളിംഗ് ദിവസത്തെ മഴയും വെള്ളക്കെട്ടും കോർപ്പറേഷനെതിരെയുള്ള ജനരോഷവും വിനോദിന്റെ ഭൂരിപക്ഷം 3673 വോട്ടുകളായി കുറച്ചു.

Exit mobile version