ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കില്‍ പരിശോധന; ഡോക്ടറെ കൈയ്യോടെ പിടികൂടി ഡിഎംഒ

മലപ്പുറം: ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കില്‍ പരിശോധന നടത്തിയ ഡോക്ടര്‍ പിടിയില്‍. മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സൂരജാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന നടത്തിയ പരിശോധനയില്‍ പിടിയിലായത്.

ആശുപത്രിയുടെ പ്രവര്‍ത്തനവും ദൈനംദിന കാര്യങ്ങളും പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ സൂരജിന്റെ സ്വകാര്യ ക്ലിനിക്കിലെ പ്രവര്‍ത്തനം ഡിഎംഒ കണ്ടെത്തിയത്.

ഡിഎഒ എത്തിയ സമയത്ത് വാര്‍ഡിലും അത്യാഹിത വിഭാഗത്തിലുമായി രണ്ടു ഡോക്ടര്‍മാര്‍ വേണമെങ്കിലും അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് ആളുണ്ടായിരുന്നത്. വാര്‍ഡിലെ രോഗികളുടെ ചുമതലയുള്ള ഡോക്ടര്‍ സൂരജജ് സ്ഥലത്തില്ലാത്തതിനാല്‍ അന്വേഷിച്ചപ്പോള്‍ ആശുപത്രിക്ക് സമീപത്തെ ക്ലിനിക്കില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ഇതേതുടര്‍ന്ന് ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇവരുടെ വിശദീകരണത്തിന് ശേഷം ഡോക്ടര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും.

Exit mobile version