രാജസ്ഥാനില്‍ ശൈശവ വിവാഹം; പ്രായപൂര്‍ത്തിയാവാത്ത ആറ് പെണ്‍കുട്ടികളുടെ വിവാഹം തടഞ്ഞ് ഹോളണ്ടിലെ വിദ്യാര്‍ത്ഥിനി

കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പ്രാദേശിക സന്നദ്ധ സംഘടനകളുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ജൈറ

ജയ്പൂര്‍: രാജസ്ഥാനില്‍ ശൈശവ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞ് ഹോളണ്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി. 24 കാരിയായ ജൈറ സോന ചിന്‍ എന്ന പെണ്‍കുട്ടിയാണ് പ്രായപൂര്‍ത്തിയാവാത്ത ആറ് പെണ്‍കുട്ടികളുടെ വിവാഹം തടഞ്ഞത്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പ്രാദേശിക സന്നദ്ധ സംഘടനകളുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ജൈറ.

ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിനിയാണ് ജൈറ. നിരവധി തവണ രാജസ്ഥാന്‍ സന്ദര്‍ശിച്ചിരുന്ന ജൈറ പ്രായപൂര്‍ത്തിയാകാത്ത ആറു പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ ശ്രമിക്കുന്നെന്ന വിവരം പുഷ്‌കറിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് അറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ ഇന്ത്യയിലെ ബാലാവാകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു.

സംഘടനയിലുള്ളവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പുഷ്‌കര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുമായി ചേര്‍ന്ന് ശൈശവ വിവാഹത്തിന്റെ വാര്‍ത്ത ലോക്കല്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ വിവാഹം നടത്താനുള്ള ശ്രമം തടയുകയായിരുന്നു.

Exit mobile version