14 വയസുകാരിയായ പേരമകളെ 24കാരന് വിവാഹം ചെയ്ത് നൽകി; മുത്തശ്ശി അറസ്റ്റിൽ

ബംഗളൂരു: 14 വയസ് മാത്രമുള്ള പേരമകളെ വിവാഹം കഴിപ്പിച്ചയച്ച മുത്തശ്ശി അറസ്റ്റിൽ. പെൺകുട്ടിയെ 24കാരനായ യുവാവിനാണ് വിവാഹം ചെയ്ത് നൽകിയത്. കർണാടക ബെംഗളൂരുവിലെ സർജാപൂരിലാണ് സംഭവം. വിവാഹത്തിൽ പങ്കെടുത്ത എട്ടുപേർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 14 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ സർജാപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെയാണ് 24 കാരന് വിവാഹം ചെയ്തു നൽകിയതെന്ന് പരാതിയിൽ പറയുന്നു.

പെൺകുട്ടിയുടെ മുത്തശ്ശിയും ഇവരുടെ മകനും ഭാര്യയും ചേർന്ന് നിർബന്ധിച്ച് കുട്ടിയെ കല്യാണം കഴിപ്പിക്കുകയായിരുന്നു. ഹലസിനകൈപുരയിലെ വിനോദ് കുമാർ എന്ന യുവാവാണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. കൈവാരയിലെ യെല്ലമ്മ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ പെൺകുട്ടിയുടെ മുത്തശ്ശി, അമ്മായി, അമ്മാവൻ, ചെക്കന്റെ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തിരുന്നു.

ALSO READ- ‘വയനാട്ടിൽ ചില ളോഹ ഇട്ട ആളുകളാണ് പിടിക്കെടാ തല്ലെടാ എന്ന് പറഞ്ഞ് ആക്രോശിച്ചത്’, പിന്നാലെയാണ് അക്രമമുണ്ടായതെന്ന് ബിജെപി നേതാവ്; പിന്നാലെ മലക്കംമറിയൽ

സംഭവം വിവാദമായതോടെ എട്ടാം ക്ലാസുകാരിയെ പോലീസും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ പരാതിയിൽ പെൺകുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്യുകയും വരൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 366, ശൈശവ വിവാഹ നിയന്ത്രണ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തു.

വിവാഹത്തിൽ പങ്കെടുത്ത പൂജാരി ഉൾപ്പെടെ എല്ലാവരെയും കേസിൽ പ്രതികളായി പരിഗണിക്കുമെന്നും പോലീസ് അറിയിച്ചു.

Exit mobile version