വരുമാനം കുറഞ്ഞവയെല്ലാം ‘കട്ട്’; സർവീസ് വെട്ടി കുറച്ചിട്ടും വരുമാനം കുറഞ്ഞില്ല; കൂടുതൽ സർവീസുകൾ നിർത്താൻ കെഎസ്ആർടിസി

ദിവസേന നാനൂറോളം സർവീസുകൾ റദ്ദാക്കിയിട്ടും വരുമാനത്തിൽ കാര്യമായ നഷ്ടമുണ്ടായിലില്ലെന്ന് മാനേജ്‌മെന്റ് പറയുന്നു.

തിരുവനന്തപുരം: വരുമാനം കുറഞ്ഞ സർവീസുകൾ നിർത്താൻ കെഎസ്ആർടിസി തീരുമാനം. ഡ്രൈവർമാരുടെ കുറവിനെ തുടർന്ന് അപ്രധാന റൂട്ടുകളിലെ സർവീസുകളെല്ലാം ഒഴിവാക്കിയിട്ടും വരുമാനത്തിൽ ഇടിവ് വരാത്തതിനാലാണ് കെഎസ്ആർടിസിയുടെ പുതിയനീക്കം. ദിവസേന നാനൂറോളം സർവീസുകൾ റദ്ദാക്കിയിട്ടും വരുമാനത്തിൽ കാര്യമായ നഷ്ടമുണ്ടായില്ലെന്ന് മാനേജ്‌മെന്റ് പറയുന്നു.

കെഎസ്ആർടിസി ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന തിരുവനന്തപുരം മേഖലയിലെ വെള്ളിയാഴ്ചത്തെ കണക്ക് നോക്കിയാൽ റദ്ദാക്കിയത് 160 സർവീസുകൾ. അതായത് നാൽപതിനായിരത്തോളം കിലോമീറ്റർ ബസ് ഓടിയില്ല. ലിറ്ററിന് നാലു കിലോമീറ്റർ മൈലേജ് കണക്കാക്കിയാൽ 10000 ലിറ്റർ ഡീസൽ ലാഭം. ലിറ്ററിന് 70 രൂപ വച്ച് 7ലക്ഷം രൂപ ചെലവിനത്തിൽ കുറഞ്ഞു. ഒരു ബസിൽ നാല് ഡ്യൂട്ടി വീതം 640 ഡ്യൂട്ടി. ഡ്യൂട്ടിയൊന്നിന് 500 രൂപ വച്ച് 3.20 ലക്ഷം രൂപ വേതന ഇനത്തിലും കുറഞ്ഞു. സ്‌പെയർപാട്‌സിലും ടയർ തേയ്മാനത്തിലും രണ്ടുശതമാനം ചെലവ് വീണ്ടും കുറയും. ആകെ ദിവസം ചെലവിനത്തിൽ പതിനൊന്ന് ലക്ഷത്തോളം രൂപയുടെ കുറവ്.

തിരുവനന്തപുരം സോണിൽ മാത്രം മാസം തോറും മൂന്നരകോടിയോളം ലാഭം. 160 സർവീസ് റദ്ദാക്കിയിട്ടും വെള്ളിയാഴ്ച 2.51 കോടി കളക്ഷൻ കിട്ടി. തിരക്കേറിയ ദിവസങ്ങളിൽ പോലും പരമാവധി കിട്ടുന്നത് 2.60 കോടിരൂപ. അതായത് 160 സർവീസുകളോളം റദ്ദാക്കിയിട്ടും ചെലവിലെ കുറവ് കൂടി കണക്കാക്കുമ്പോൾ മെച്ചമേയുള്ളു. മൂന്ന് മേഖലകളിലെ കണക്ക് നോക്കിയാലും ഡ്രൈവർമാരുടെ കുറവ് കാരണം സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടിവന്ന ആഴ്ചയിലടക്കം ശരാശരി ആറുകോടിയിലധികം കലക്ഷനുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിലും സർവീസുകൾ ആവശ്യമെങ്കിൽ മാത്രം പുനരാരംഭിച്ചാൽ മതിയെന്നാണ് കെഎസ്ആർടിസിയുടെ തീരുമാനം.

Exit mobile version