തെളിവെടുപ്പിനിടെ നേരിട്ടത് വലിയ ജനരോഷം

കോഴിക്കോട്: പൊന്നാമറ്റം വീട്ടിലെ രണ്ടര മണിക്കൂർ നീണ്ട തെളിവെടുപ്പ് അവസാനിച്ചു. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഉൾപ്പെടെയുള്ള പ്രതികളെ കൊണ്ട് വന്ന് പോലീസ് നടത്തിയ ഇന്നത്തെ തെളിവെടുപ്പ് അവസാനിപ്പിച്ചു. വീണ്ടും തെളിവെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന. വീടിന്റെ പരിസരത്ത് നിന്നും കീടനാശിനിയുടെ കുപ്പി കണ്ടെത്തിയതായി റിപ്പോർട്ടുകളുമുണ്ട്. ജോളി കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡും കീടനാശിനിയും അവശേഷിക്കുന്നുണ്ടെങ്കിൽ കണ്ടെത്തുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. ആദ്യ മൂന്ന് കൊലപാതകങ്ങൾ നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടക്കുന്നത്. ജോളിക്കെതിരെ ആക്രോശവുമായി വൻജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും സമീപത്തും തടിച്ചുകൂടി. സ്ത്രീകൾ ഉൾപ്പടെയുള്ള നാട്ടുകാർ ജോളിയെ എത്തിക്കുന്നത് കാണാനായി രാവിലെ മുതൽ പരിസരത്ത് തടിച്ചുകൂടിയിരുന്നു. രാവിലെ എട്ടേമുക്കാലോടെയാണ് വടകര പോലീസ് സ്റ്റേഷനിൽ നിന്ന് ജോളിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

കർശ്ശനസുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയായിരുന്നു. സുരക്ഷ കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. രാവിലെ എട്ടേമുക്കാലോടെ ജോളിയെ വടകര വനിതാ സെല്ലിൽ നിന്ന് എസ്പി ഓഫീസിലേക്ക് എത്തിച്ചു. ഇവിടെ നിന്നാണ് പൊന്നാമറ്റം വീട്ടിലേക്ക് ജോളിയെ കൊണ്ടുവന്നത്. 10.55ന് ജോളിയുമായി പോലീസ് പൊന്നാമറ്റം വീടിന്റെ ഗേറ്റിനുമുന്നിലെത്തിയതോടെ ജനക്കൂട്ടം ആക്രോശിച്ചും കൂകി വിളിച്ചും നിയന്ത്രണം വിട്ടു. ഇതോടെ പോലീസ് ബലപ്രയോഗവും നടന്നു. ജോളിയുടെ മൊഴി വിശകലനം ചെയ്ത് വീടിനുള്ളിലും പരിസരത്തും അരിച്ചു പെറുക്കിയുളള പരിശോധനയാണ് നടക്കുന്നത്.

Exit mobile version