മാലപൊട്ടിക്കാന്‍ ശ്രമിച്ച 50കാരിയെ സാരിയില്‍ പിടിച്ച് കീഴടക്കി വീട്ടമ്മ; അറസ്റ്റ്

മലപ്പുറം: മാലപൊട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ വീട്ടമ്മ തന്നെ ധീരമായി പിടികൂടി. കര്‍ണാടക കോലാര്‍ സ്വദേശിയായ സരോജ(50)യെ മൊടപ്പൊയ്ക കോട്ടേക്കാട്ടില്‍ ശാരദ (60)യാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ പോലീസിന് കൈമാറി.

ബസില്‍ കയറുന്നതിനിടെയാണ് സരോജ ശാരദയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. മാല കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച സരോജത്തിന്റെ സാരിയില്‍ ശാരദ പിടിച്ചു. പിടിക്കപ്പെടുമെന്ന് തോന്നിയതോടെ മാല തിരികെ നല്‍കി സരോജം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശാരദ സാരിയില്‍ പിടിമുറുക്കി ബസിലെ യാത്രക്കാരെ വിവരം അറിയിച്ചു.

തുടര്‍ന്ന് ബസിലെ മറ്റു യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു. സരോജ ഇതിനുമുമ്പും പത്തിലധികം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഒരുങ്ങി ബസില്‍ യാത്ര ചെയ്തു കവര്‍ച്ച നടത്തുകയാണ് സരോജത്തിന്റെ രീതിയെന്നും പോലീസ് പറയുന്നു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version