ബന്ദിപ്പുർ രാത്രിയാത്രാ നിരോധനം: രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

രാത്രി യാത്രാനിരോധനം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും

ന്യൂഡൽഹി: വയനാട്ടിലെ ബന്ദിപ്പുർ രാത്രിയാത്രാ നിരോധനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം ശക്തമായതോടെ വിഷയത്തിൽ ഇടപെട്ട് സ്ഥലം എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് ദിവസത്തിനകം വയനാട് സന്ദർശിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്നും രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. രാത്രിയാത്രാ നിരോധനം സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി വിഷയം ചർച്ചചെയ്യുന്നുണ്ടെന്നും പ്രശ്നത്തിന് എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഡൽഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തുന്നുണ്ട്.

Exit mobile version