അരൂരിലേക്ക് താനില്ല; മത്സരിക്കാനില്ലെന്ന് ഡൽഹിയിലെത്തി അമിത് ഷായെ ബോധിപ്പിച്ച് തുഷാർ വെള്ളാപ്പള്ളി

അരൂരിൽ ബിജെപി തന്നെ മത്സരിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ

അരൂർ: ബിഡിജെഎസ് അരൂരിൽ മത്സരിക്കാനില്ലെന്ന് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ നേരിട്ട് അറിയിച്ചു. രാത്രിയേറെ വൈകിയെങ്കിലും നേരിട്ട് കണ്ടാണ് തുഷാർ അമിത് ഷായോട് പാർട്ടി വികാരം പങ്കുവെച്ചത്. പാർട്ടിക്ക് അർഹമായ പരിഗണനകിട്ടാത്തതിനാലാണ് തീരുമാനമെന്ന് തുഷാർ പറഞ്ഞതായാണ് റിപ്പോർട്ട്.

അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനായി കഴിഞ്ഞ രണ്ടുദിവസമായി തുഷാർ ഡൽഹിയിൽ തുടരുന്നുണ്ടെങ്കിലും സമയം ലഭിക്കാതെ കൂടിക്കാഴ്ച നീണ്ടുപോവുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വാഗ്ദാനം ചെയ്ത ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ പാർട്ടിക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും ഇതിൽ തീരുമാനം ഉണ്ടാകണമെന്നും തുഷാർ അമിത് ഷായോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് അമിത് ഷാ എന്നാണ് സൂചന. ഇതോടെ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങുകയാണ് തുഷാർ.

പാർട്ടിക്ക് അനുവദിച്ച അരൂരിൽ മത്സരിക്കേണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ആയിരുന്നു തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണാൻ തുഷാർ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അതേസമയം, അരൂരിൽ ബിജെപി തന്നെ മത്സരിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. യുവമോർച്ചയ്ക്ക് സീറ്റ് നൽകാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്.

Exit mobile version