പാലായിൽ പുതിയ ‘മാണി’; 2943 വോട്ടിന് മാണി സി കാപ്പന് ചരിത്രജയം

പാലാ മണ്ഡലത്തിൽ പുതിയ ചരിത്രമെഴുതിയാണ് കാപ്പനും എൽഡിഎഫും വിജയം പിടിച്ചെടുത്തത്

പാലാ: പാലാ നിയമസഭാ മണ്ഡലത്തിന്റെ ചരിത്രം തിരുത്തി എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് തകർപ്പൻ ജയം. കെഎം മാണിയും യുഡിഎഫും അടക്കിവാണ പാലാ മണ്ഡലത്തിൽ പുതിയ ചരിത്രമെഴുതിയാണ് കാപ്പനും എൽഡിഎഫും വിജയം പിടിച്ചെടുത്തത്.

യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനെതിരെ മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. വോട്ട് നില: മാണി സി കാപ്പൻ (എൽഡിഎഫ്)-54137,ജോസ് ടോം (യുഡിഎഫ്)-51194, എൻ ഹരി(എൻഡിഎ)-18044

കെഎം മാണിയുടെ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്താന്‍ സാധിക്കാത്തത് കേരള കോണ്‍ഗ്രസിനും യുഡിഎഫിനും നാണക്കേടുണ്ടാക്കി. പാലായില്‍ മൂന്ന് തവണ കെഎം മാണിയോട് ഏറ്റുമുട്ടിയിട്ടുള്ള മാണി സി കാപ്പന്റെ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നു. ഓരോ തവണയും ഭൂരിപക്ഷം കുറച്ച് കൊണ്ട് വരാന്‍ സാധിച്ചിരുന്നു. ഇത്തവണ അദ്ദേഹം മണ്ഡലം പിടിച്ചെടുത്തു.

Exit mobile version