ഇനി ഈ നിർമ്മാണം കേരളത്തിൽ വേണ്ടെന്ന് സർക്കാർ; പാലാരിവട്ടം പാലം പുതുക്കി പണിയുക നിർമ്മാതാക്കളുടെ ചെലവിൽ; വിലക്കും ഏർപ്പെടുത്തി

ആർഡിഎസിന്റെ കേരളത്തിലെ മറ്റു നിർമ്മാണങ്ങൾക്കൊന്നും അപാകതയില്ലെന്നും മരാമത്ത് വകുപ്പ് പറഞ്ഞു.

തിരുവനന്തപുരം: തകർന്ന പാലാരിവട്ടം മേൽപാലം പുതുക്കിപ്പണിയാൻ ചെലവാകുന്ന തുക നിർമാതാക്കളായ ആർഡിഎസ് പ്രോജക്ടിൽ നിന്ന് ഈടാക്കും. പാലം പുനഃനിർമ്മാണത്തിന് 18 കോടി രൂപയാണ് ഇ ശ്രീധരന്റെ നേതൃത്വത്തിലെ സംഘം എസ്റ്റിമേറ്റായി കണക്കാക്കിയിരിക്കുന്നത്. ഭാവിയിൽ സംസ്ഥാന സർക്കാർ പദ്ധതികളുടെ നിർമ്മാണത്തിൽ നിന്നു ആർഡിഎസിനെ തടയാനായി മരാമത്ത് വകുപ്പ് വിലക്കേർപ്പെടുത്തുകയും ചെയ്യാൻ ധാരണയായി. അതേസമയം, നിലവിൽ ആർഡിഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന ആലപ്പുഴ ബൈപാസ് നിർമാണം, കഴക്കൂട്ടം മേൽപാല നിർമാണം എന്നിവ തടസപ്പെടില്ല.

പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണ കരാറിൽ തന്നെ പാലത്തിനുണ്ടാകുന്ന കേടുപാടുകൾ ഏജൻസി സ്വയം തീർക്കുകയോ സർക്കാർ മറ്റാരെയെങ്കിലും നിയോഗിച്ചു പണി നടത്തിയാൽ ആവശ്യമായ തുക തിരികെ നൽകുകയോ വേണമെന്നു വ്യവസ്ഥയുണ്ട്. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

മേൽപ്പാല നിർമാണത്തിൽ കമ്പനി നേരിട്ടറിഞ്ഞോ അല്ലാതെയോ ഗുരുതര വീഴ്ച വരുത്തിയെന്നാണു വിദഗ്ധ റിപ്പോർട്ടുകളിൽ വ്യക്തമായത്. സ്വകാര്യ കമ്പനികളിൽ നിന്നു നിലവാര പരിശോധനയില്ലാതെ കോൺക്രീറ്റ് മിക്‌സ് വാങ്ങി ഉപയോഗിച്ചത് തകർച്ചയ്ക്ക് കാരണമായെന്നും കമ്പി ആവശ്യത്തിനില്ലെന്നും ബെയറിങ് ഘടിപ്പിച്ചപ്പോൾ പരസ്പരം മാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. ആർഡിഎസിന്റെ കേരളത്തിലെ മറ്റു നിർമ്മാണങ്ങൾക്കൊന്നും അപാകതയില്ലെന്നും മരാമത്ത് വകുപ്പ് പറഞ്ഞു.

Exit mobile version