ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പാലത്തിൽ ടാറിനൊപ്പം ചേർത്തത് മണ്ണ്! ഒറ്റ ദിവസം കൊണ്ട് റോഡ് പൊട്ടി പൊളിഞ്ഞ് തകർന്നു; പ്രതിഷേധിച്ച് നാട്ടുകാർ

രാജീവ് നഗർ ശംഖുമുഖം റോഡിലാണ് ടാറിംഗ് എന്ന പേരിൽ കരാറുകാരന്റെ പ്രഹസനം നടന്നത്.

തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ലക്ഷങ്ങൾ മുടക്കി ടാറിങ് നടത്തിയ റോഡ് തരിപ്പണമായത് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ്. തിരുവനന്തപുരത്തെ രാജീവ് നഗർ ശംഖുമുഖം റോഡിലാണ് ടാറിംഗ് എന്ന പേരിൽ കരാറുകാരന്റെ പ്രഹസനം നടന്നത്.

മുന്നൂറിലധികം കുടുംബങ്ങൾ സഞ്ചരിക്കുന്ന റോഡാണ് ടാറിംഗിന് തൊട്ട് പിന്നാലെ പൊട്ടിപ്പൊളിഞ്ഞ് പാളീസായത്. നിർമ്മാണം പൂർത്തിയായ റോഡിൽ ടാർ കാണാനേ ഇല്ല. വീപ്പയിൽ ടാറെന്ന് തോന്നുന്ന മിശ്രിതം മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് തട്ടിക്കൂട്ട് ടാറിങ് നടത്തി കരാറുകാരൻ സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയത്. നിലവിലെ റോഡ് പാളികളായി ഇളക്കിയെടുക്കാമെന്ന നിലയിലാണ്.

ശരിയായ അളവിൽ ടാർ ഉപയോഗിക്കാതെ കണ്ണിൽ പൊടിയിടാൻ മണ്ണ് ചേർത്താണ് റോഡ് നിർമ്മാണം നടത്തിയിരിക്കുന്നത്. ഇതാണ് റോഡ് തകരാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ടാറിൽ മണ്ണിന്റെ അംശം കൂടിയാൽ ഇങ്ങനെ സംഭവിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version