കളക്ടറുടെ ഉറപ്പിൽ രജനി തിരുവോണനാളിലെ സത്യാഗ്രഹം അവസാനിപ്പിച്ചു

സർക്കാർ സഹായം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സത്യാഗ്രഹം സമരം.

മാവേലിക്കര: ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും അനാസ്ഥ കാരണം കാൻസർ ഇല്ലാതിരുന്നിട്ടും കീമോ തെറാപ്പിക്കു വിധേയയാകേണ്ടി വന്ന മാവേലിക്കര സ്വദേശിനി രജനിയുടെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. സർക്കാർ സഹായം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സത്യാഗ്രഹ സമരം. മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിലായിരുന്നു രജനിയുടെ പ്രതിഷേധം.

കുറ്റക്കാരായ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ നടപടി, നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളിൽ 25നകം തീരുമാനമെടുക്കാമെന്ന് കളക്ടർ ഉറപ്പുനൽകിയതിനെത്തുടന്ന് സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഉറപ്പുനൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവോണനാളിൽ രജനി സത്യാഗ്രഹസമരത്തിന് ഇറങ്ങിയത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വകാര്യ ലാബിൽ നടത്തിയ ബയോപ്‌സി പരിശോധനയിലാണു ആദ്യം ശരീരത്തിലെ മുഴ കാൻസറാണെന്നു തെറ്റായി കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിൽ രജനിക്കു കീമോ തെറാപ്പി ചികിൽസ നൽകി. ഇതിനിടെ സ്വകാര്യ ലാബിനൊപ്പം കോട്ടയം മെഡിക്കൽ കോളജ് ലാബിൽ നൽകിയ പരിശോധനാ ഫലത്തിൽ കാൻസറില്ലെന്നു കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലും ബയോപ്‌സി നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി. ഇതോടെ കേസുമായി രജനി മുന്നോട്ടെത്തുകയായിരുന്നു.

ജോലിയും എല്ലാ സഹായങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മന്ത്രിയും വിഷയത്തിൽ ഇടപെട്ടിരുന്നു.

Exit mobile version