ഗ്രൂപ്പ് തർക്കത്തിൽ രണ്ടില നഷ്ടമായി ജോസ് ടോം; ചിഹ്നം കൈതച്ചക്ക

ആകെ 13 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

പാലാ: കേരളാ കോൺഗ്രസിലെ ഗ്രൂപ്പ് പോര് കനത്തതോടെ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയാതെയായ ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നമായി ലഭിച്ചത് കൈതച്ചക്ക. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നമായി കൈതച്ചക്ക അനുവദിക്കുകയായിരുന്നു. ആകെ 13 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിനമായിരുന്നു ഇന്ന്.

ഏതായാലം ചിഹ്നമായി പാർട്ടിയുടെ ‘രണ്ടില’ കിട്ടിയില്ലെങ്കിലും പരാതിയില്ലാതെ കൈതച്ചക്ക മധുരമുള്ളതാണെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. സ്ഥാനാർത്ഥിയെയും പാർട്ടിയേയും നോക്കിയാണ് ജനങ്ങൾ വോട്ടു ചെയ്യുന്നതെന്നും ജോസ് ടോം പ്രതികരിച്ചു.

കെഎം മാണിയുടെ പിൻഗാമിയായാണ് താൻ മത്സരിക്കുന്നത്. ചിഹ്നം ഏതായാലും തനിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 32 വർഷത്തിനിടെ ഇതാദ്യമായാണ് പാലായിൽ രണ്ടില ചിഹ്നത്തിലല്ലാതെ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കുന്നത്. പിജെ ജോസഫ്-ജോസ് കെ മാണി പോര് മൂലമാണ് ജോസ് പക്ഷ സ്ഥാനാർത്ഥിയായ ജോസ് ടോമിന് പാർട്ടി ചിഹ്നമായ രണ്ടില കിട്ടാതെപോയത്. തന്നെ പാർട്ടി ചെയർമാനായി അംഗീകരിക്കാതെ, ചിഹ്നം വിട്ടുതരാൻ സമ്മതമല്ലെന്ന നിലപാടിൽ പിജെ ജോസഫ് ഉറച്ചുനിൽക്കുകയായിരുന്നു.

Exit mobile version