ദുരിതം വിതച്ച നാളിലും മദ്യത്തെ വിടാതെ മലയാളികൾ; കുടിച്ച് തീർത്തത് 1229 കോടിയുടെ മദ്യം

സംസ്ഥാനത്തു 9878.83 കോടി രൂപയുടെ മദ്യമാണു ഇതുവരെ ഈ വർഷം വിറ്റഴിച്ചത്.

തിരുവനന്തപുരം: മഴക്കെടുതികൾ ദുരിതം വിതച്ച നാളുകളിലും മദ്യത്തെ വിടാതെ മലയാളികൾ. സംസ്ഥാനത്തു ബിവറേജസ് കോർപറേഷൻ വഴി മാത്രം പ്രളയമുണ്ടായ ഓഗസ്റ്റ് മാസത്തിൽ വിറ്റഴിച്ചത് 1229 കോടി രൂപയുടെ മദ്യം. ജൂലൈയിലെ വിൽപ്പനയേക്കാൾ 71 കോടിയുടെ അധികം മദ്യമാണ് പ്രളയമാസത്തിൽ വിറ്റുതീർത്തത്. സംസ്ഥാനത്തു 9878.83 കോടി രൂപയുടെ മദ്യമാണു ഇതുവരെ ഈ വർഷം വിറ്റഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ചു 637.45 കോടിയുടെ വർധന.

മഴ സംഹാരതാണ്ഡവമാടിയെങ്കിലും ഇക്കാലത്ത് മദ്യശാലകൾ മുടക്കമില്ലാതെ പ്രവർത്തിച്ചിരുന്നു. ഇതോടെയാണ് വിൽപ്പന വർധിക്കാൻ കാരണമായത്. കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് മുപ്പതോളം ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിട്ടിരുന്നെങ്കിൽ ഇത്തവണ കൊരട്ടി, ചങ്ങനാശേരി തുടങ്ങിയ ചില മദ്യഷോപ്പുകൾ മാത്രമാണ് രണ്ടു ദിവസം പ്രവർത്തിക്കാതിരുന്നത്.
കഴിഞ്ഞതവണ 1143 കോടി രൂപയുടെ മദ്യം വിറ്റഴിച്ചിരുന്നു. എന്നാൽ ഓണക്കാലമടുത്തതിനാൽ ഏറെ വിൽപ്പന പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ 86 കോടി രൂപ മാത്രമാണു അധികം നേടാനായത്. റെക്കോർഡ് നേട്ടം പ്രതീക്ഷിച്ച ഈ ഓഗസ്റ്റിലെ വിൽപ്പനയേയുംപെരുമഴ കവർന്നു. മദ്യവിൽപ്പന അതിന്റെ പാരമ്യത്തിലെത്താറുള്ളത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ്.

ഇനി ഓണം സീസണിലെ 10 ദിവസത്തെ വിൽപ്പനയിലാണു കോർപറേഷന്റെ പ്രതീക്ഷകൾ. കഴിഞ്ഞ സാമ്പത്തിക വർഷം 14508.10 കോടി രൂപയാണു മദ്യവിൽപ്പനയിലൂടെ ബെവ്‌കോ നേടിയത്. സർവകാല നേട്ടമായി അന്നു കൂടിയത് 1567 കോടി. ഈ വർഷം തിരിച്ചടിയുണ്ടാകുമെന്നു കരുതിയ ജൂണിലും വിൽപ്പന വർധിച്ചിരുന്നു. ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്ന ഷോപ്പ് തിരൂരിലെ 10003 -ാം നമ്പർ ഔട്ട്ലെറ്റാണ്. ഏറ്റവും പിന്നിലായത് മൂന്നാറിലെ ഷോപ്പും.

Exit mobile version