വയനാട്ടിലെ 105 സ്ഥലങ്ങളും വാസയോഗ്യമല്ല: വിദഗ്ദസംഘത്തിന്റെ റിപ്പോര്‍ട്ട്

വയനാട്: കനത്തമഴയും ഉരുള്‍പൊട്ടലും നാശം വിതച്ച വയനാട്ടില്‍ വിദഗ്ദ സംഘത്തിന്റെ ആദ്യഘട്ടപഠനം പൂര്‍ത്തിയായി. ജില്ലയിലെ 170 സ്ഥലങ്ങളില്‍ 105 എണ്ണവും ഇനി വാസയോഗ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉരുള്‍പൊട്ടലില്‍ ജില്ലയിലാകെ 600 ഏക്കര്‍ ഭൂമി ഒലിച്ചുപോയതായും പരിശോധനയില്‍ വ്യക്തമായി.

ദുരന്ത നിവാരണ വകുപ്പിന്റെ് നിര്‍ദേശപ്രകാരം ജിയോളജിസ്റ്റും മണ്ണ് സംരക്ഷണവിഭാഗം ഉദ്യോഗസ്ഥനുമടങ്ങുന്ന വിദഗ്ധസംഘം 10 ടീമുകളായി തിരിഞ്ഞാണ് ജില്ലയിലെ ദുരന്ത ഭൂമികളില്‍ പരിശോധനയും വിവരശേഖരണവും നടത്തിയത്. ഈ കാലവര്‍ഷത്തില്‍ ചെറുതും വലുതുമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 170 ഇടങ്ങളിലാണ് സംഘം ഒരാഴ്ച നീണ്ട പരിശോധന നടത്തിയത്.

2018ലെ പ്രളയത്തില്‍ വയനാട്ടില്‍ 248 ഇടങ്ങളിലായി 749 ഏക്കര്‍ ഭൂമി ഒലിച്ചുപോയെന്നാണ് കണക്ക്. ഇത്തവണ 170 ഇടങ്ങളിലായി 600 ഏക്കര്‍ ഭൂമിയാണ് നഷ്ടമായത്. ഇതില്‍ 22 ഇടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പരിശോധനാറിപ്പോര്‍ട്ടുകളുടെ പ്രാഥമിക വിവരങ്ങള്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ക്ക് കൈമാറി. പ്രളയബാധിതരുടെ പുനരധിവാസ നടപടികള്‍ക്ക് റിപ്പോര്‍ട്ട് നിര്‍ണായകമാണ്.

Exit mobile version