കരാറെടുത്തത് പുതിയപാലം പണിയാൻ; കരാറുകാരൻ ചെയ്തത് പഴഞ്ചൻ പാലത്തിൽ അറ്റകുറ്റ പണി

നാട്ടുകാർ കൈയ്യോടെ പിടികൂടി അധികാരികളെ അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം: വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ ജനങ്ങളെ പറ്റിച്ച് റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേട് നടത്തി കരാറുകാരൻ. ഒടുവിൽ തട്ടിപ്പ് തിരിച്ചറിഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയുടെ കീഴിൽ നടക്കുന്ന റോഡ്-പാലം നിർമ്മാണത്തിലാണ് വൻഅഴിമതി നടത്താനിരുന്നത്. എന്നാൽ നാട്ടുകാർ കരാറുകാരന്റെ കള്ളത്തരം കൈയ്യോടെ പിടികൂടി അധികാരികളെ അറിയിക്കുകയായിരുന്നു.

എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്ന പുതിയ പാലത്തിന് പകരം നിലവിലെ ജീർണിച്ച പാലത്തിന്റെ കൈവരികൾ പൊളിച്ചുമാറ്റാനുള്ള നീക്കമാണ് നാട്ടുകാർ കൂട്ടത്തോടെയെത്തി തടഞ്ഞത്.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് റോഡ് നിർമ്മാണം. അഞ്ചുവർഷത്തിനശേഷം റോഡ് പഞ്ചായത്തിന് കൈമാറും. ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് നിർമ്മാണത്തിന്റെ മേൽനോട്ടം.

നെല്ലിമൂഡ് സ്വദേശിയായ സുരേന്ദ്രനാണ് കരാറുകാരൻ. ആറുമാസം മുമ്പ് ആരംഭിച്ച നിർമ്മാണ പ്രവർത്തികളിൽ അശാസ്ത്രീയതയും വൻക്രമക്കേടും നാട്ടുകാർ തുടക്കം മുതൽ ആരോപിച്ചിരുന്നു. നിർമ്മാണം എസ്റ്റിമേറ്റ് പ്രകാരം അല്ലെന്നും നാട്ടുകാർ കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാരും വാർഡ് മെമ്പർമാരും നിരവധി പരാതികളുമായി ജില്ലാ കളക്ടറേയും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അശോക് കുമാറിനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

അതിനിടെയാണ് എഴുപത് വർഷത്തിലേറെ പഴക്കമുള്ള ജീർണ്ണിച്ച പാലം പുതുക്കി പണിയാതെ നിർമ്മാണം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. എസ്റ്റിമേറ്റ് പ്രകാരം പുതിയപാലമാണ് പറയുന്നതെങ്കിലും കരാറുകാരൻ പഴയ പാലം നിലനിർത്തി ഇരുവശങ്ങളിലെ കൈവരികൾ പൊളിച്ചുമാറ്റി വീതി കൂട്ടാനുള്ള നടപടിയാണ് ചെയ്തത്. ഇത് മനസിലാക്കിയ നാട്ടുകാർ വാർഡ് മെമ്പർമാരെ വിവരം അറിയിക്കുകയും അവരുടെ ശക്തമായ എതിർപ്പിൽ പഴയ പാലം പൊളിച്ചു മാറ്റുകയും ചെയ്തു.

മേലുദ്യോഗസ്ഥർ എത്തി നിലവിലെ നിർമാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹരിച്ച ശേഷം റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചാൽ മതിയെന്ന നിലപാടിലാണ് നാട്ടുകാർ.

Exit mobile version