കാട്ടില്‍ കാണാതായ കുട്ടികളെ തേടി നാലു പാടും ഓടി ജനം; വളര്‍ത്തു നായയെയും കൂട്ടി ‘കാട് കാണാന്‍’ പോയ നാല് കുട്ടികള്‍ക്ക് ഒടുവില്‍ സുരക്ഷിത മടക്കം!

അര്‍ധരാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ച് എല്ലാവരും കാടിറങ്ങി.

എരുമേലി: കൊടുംവനത്തില്‍ കാണാതായ നാല് കുട്ടികളെ തേടി ജനം നാലു പാടും ഓടുമ്പോള്‍ 24 മണിക്കൂറിനു ശേഷം സുരക്ഷിതമായി മടങ്ങി വന്നു. നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍ക്കാണ് ഒടുവില്‍ വിരാമമായത്. കാണാതായ ഇവര്‍ക്കായി നാട് മുഴുവനും അലയുമ്പോള്‍ കാട് ചുറ്റി കാണുന്ന തിരക്കിലായിരുന്നു ഇവര്‍. നാല് സഹോദരങ്ങളാണ് ആരോടും പറയാതെ കാട്ടിലേയ്ക്ക് കയറിയത്. കൂട്ടായി വളര്‍ത്തു നായയെയും കൂട്ടിയിരുന്നു.

വനാതിര്‍ത്തിയായ എലിവാലിക്കര മേഖലയില്‍ നിന്നുള്ള സഹോദരങ്ങളാണ് വന്യമൃഗങ്ങള്‍ ഉള്ള എരുമേലി റേഞ്ച് കൊപ്പം കാളകെട്ടി വനമേഖലയിലെ കൊടുംകാട്ടില്‍ ഒരു രാത്രി കഴിച്ചു കൂട്ടിയത്. 15 വയസ്സുള്ള രണ്ടു കുട്ടികളും 16, 18 വയസ്സുള്ള രണ്ടു കുട്ടികളും ഞായര്‍ രാവിലെ പത്തരയോടെ കാട്ടിലേക്കു കയറിപ്പോയത്. ഇവരെ ആ നിമിഷം കണ്ടിരുന്നുവെങ്കിലും ആരും ശ്രദ്ധിച്ചില്ല. വൈകുന്നേരമായിട്ടും കുട്ടികളെ കാണാതായതോടെയാണ് നാട് മുള്‍മുനയിലായത്.

നാട്ടുകാര്‍ സംഘങ്ങളായി തിരച്ചില്‍ ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പോലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. എല്ലാംവരും കൂട്ടമായി തിരച്ചില്‍ നടത്തിയെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായി. അര്‍ധരാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ച് എല്ലാവരും കാടിറങ്ങി. ശേഷം പുലര്‍ച്ചെ ആറിന് 33 പേരടങ്ങുന്ന വനപാലക സംഘവും 18 പേരടങ്ങുന്ന പോലീസും നാട്ടുകാരും നാലു സംഘങ്ങളായി തിരഞ്ഞു ചെങ്കുത്തായ മല കയറി വിളക്കുപാറ മേഖല വരെയെത്തിയ സംഘത്തിനും കുട്ടികളെ കണ്ടെത്താനായില്ല.

പ്ലാസ്റ്റിക് കുപ്പികള്‍ ഇവിടെ കണ്ടെത്തിയതോടെ കുട്ടികള്‍ ഇവിടെയെത്തിയെന്ന സൂചന ലഭിച്ചു. അതേ സമയം, രാവിലെ ഒന്‍പതരയോടെ കുട്ടികള്‍ വനാതിര്‍ത്തിയായ തുമരംപാറയില്‍ തിരികെയെത്തി. കുട്ടികളെ പോലീസ് സംരക്ഷണയില്‍ സ്റ്റേഷനിലേക്കു മാറ്റി. കുട്ടികളെ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. വനാര്‍തിര്‍ത്തി ലംഘിച്ചു കാട്ടിലേക്കു പോകരുതെന്ന താക്കീതു നല്‍കി. പ്ലാച്ചേരിയിലെ വനംവകുപ്പിന്റെ സ്റ്റേഷനിലും കുട്ടികളെ ഹാജരാക്കി.

ഗോത്രവിഭാഗത്തില്‍പെട്ടവര്‍ ആചാരങ്ങളുടെ ഭാഗമായി മുന്‍പു വിളക്കുവച്ച് ആരാധന നടത്തിയിരുന്ന വിളക്കുപാറ സന്ദര്‍ശിക്കാന്‍ പോയതാണെന്നാണു കുട്ടികള്‍ പോലീസിനോട് പറഞ്ഞു. എട്ടു കിലോമീറ്ററോളം നടന്ന് ഉള്‍വനത്തിലെത്തിയപ്പോള്‍ ഇരുട്ടായി. തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല. വിളക്കുപാറയ്ക്കു സമീപമുള്ള മരത്തിനു ചുവട്ടിലാണു രാത്രി കഴിച്ചു കൂട്ടിയത്. ആനകളുടെ ശബ്ദം കേള്‍ക്കാമായിരുന്നെങ്കിലും അടുത്തേക്കെത്തിയില്ല. നേരം പുലര്‍ന്നപ്പോള്‍ മറ്റൊരു വഴി തിരികെയിറങ്ങിയെന്ന് കുട്ടികള്‍ വ്യക്തമാക്കി.

Exit mobile version