കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു; ജാഗ്രതാ നിര്‍ദേശം

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാല്‍ വരും മണിക്കൂറില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലീമീറ്റര്‍ വരെ) അതിശക്തമായതോ (115 മുതല്‍ 204.5 വരെ മില്ലീമീറ്റര്‍) ആയ മഴയ്ക്ക് സാധ്യതയുണ്ട്.

മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത കൂടുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഓഗസ്റ്റ് 17-നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മൂന്നുദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

Exit mobile version