നെയ്യാറ്റിന്‍കര ആത്മഹത്യ: ലേഖയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളും റിമാന്‍ഡില്‍

ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി റിമാന്റ് ചെയ്തത്.

തിരുവനന്തപുരം: വീടിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്ത് ആത്മഹത്യ ചെയ്ത ലേഖയുടെയും മകള്‍ വൈഷ്ണവിയുടേയും ബന്ധുക്കള്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി റിമാന്റ് ചെയ്തത്. നാല് പേരെയും 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.

അമ്മയും മകളും ആത്മഹത്യ ചെയ്തതിനു പിന്നില്‍ സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ കാരണമായെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കുന്ന ആത്മഹത്യാക്കുറിപ്പും ഇന്നലെ കണ്ടെടുത്തിരുന്നു. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്നും സ്തീധനത്തെ ചൊല്ലി പീഡിപ്പിച്ചെന്നു വിഷം തന്ന് കൊല്ലാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.

വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത മുറിയുടെ ചുമരില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ് ആല്‍ത്തറയില്‍ കൊണ്ടു പോയി പൂജിക്കുന്നതല്ലാതെ മറ്റൊന്നും ഭര്‍ത്താവ് ചെയ്തില്ല. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് അപവാദപ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പില്‍ വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്കല്‍ പോലും നല്‍കിയില്ലെന്ന് ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അമ്മയുടെ മുന്നില്‍ ആളാകാന്‍ വേണ്ടി എന്തും ചെയ്യുന്നയാളാണ് ചന്ദ്രനെന്നും ഇവരുടെ കുറിപ്പിലുണ്ട്.

Exit mobile version