ഉച്ചഭക്ഷണം കഴിക്കാനെത്തിയ രണ്ട് സൈനികര്‍ക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍; വീഡിയോ

സൈനികരെ ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്

ലഖ്‌നൗ: ഉച്ചഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റില്‍ എത്തിയ രണ്ട് സൈനികര്‍ക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് എട്ട് റസ്റ്റോറന്റ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സൈനികരെ ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ഭഗ്പതിലാണ് സംഭവം. ഉച്ചഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റില്‍ കയറിയതായിരുന്നു രണ്ട് സൈനികര്‍. ഭക്ഷണം കഴിച്ച ശേഷം റസ്റ്റോറന്റില്‍ വച്ച് ഒരാളുമായി ഇവര്‍ തര്‍ക്കിക്കുകയും പിന്നീട് ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് ഇറങ്ങിയ സൈനികരെ എട്ടോളം പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

റസ്റ്റോറന്റിലെ ജീവനക്കാരടക്കമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് എട്ട് റസ്റ്റോറന്റ് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version