സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചു; വനിതാപോലീസുകാരിയെ വിവാഹം ചെയ്തു; യുവാവിനെതിരെ പീഡനക്കേസ്

ലഖ്നൗ: പോലീസുകാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയെന്ന കള്ളംപ്രചരിപ്പിച്ച യുവാവ് പിടിയില്‍. യുവാവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി വഞ്ചനയ്ക്കും പീഡനത്തിനുമാണ് കേസ് നല്‍കിയിരിക്കുന്നത്. 22 കാരനായ വിജയ് സിംഗ് എന്നയാള്‍ക്കെതിരെ സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

താന്‍ യുപിഎസ്സി സിവില്‍ സര്‍വീസ് 2023 മെയിന്‍ പാസായെന്നും അഭിമുഖത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് വനിതാ കോണ്‍സ്റ്റബിളിനെ വിജയ് സിംഗ് വിവാഹം ചെയ്തത്. വിവാഹശേഷമാണ് യുവതി സത്യം മനസിലാക്കിയത്.

ഇക്കാര്യം ചോദ്യം ചെയ്തതോടെ ഇയാള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. വ്യാജരേഖകള്‍ ചമച്ച് യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു പ്രതി. 2023ലാണ് യുവതി വിവാഹത്തിന് സമ്മതമറിയിച്ചത്. വിവാഹശേഷം കള്ളം പൊളിഞ്ഞതോടെ ഇയാള്‍ക്കെതിരെ മദേഗഞ്ച് പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കി.
ALSO READ- ‘സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാനായിട്ടില്ല’; തൃശൂരില്‍ താമര ചിഹ്നം മതിലില്‍ വരച്ച് സുരേഷ് ഗോപി; പ്രചാരണത്തിന് തുടക്കം

കേസില്‍ വിജയ് സിംഗിനെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആക്രമണം, ക്രൂരത, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഡിസിപി ത്യാഗി അറിയിച്ചു.


വിജയ് സിംഗിന് എതിരെ ജന്മനാടായ ഗോണ്ടയില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഗോണ്ട പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മാദേഗഞ്ച് പോലീസ് അറിയിച്ചു.

Exit mobile version