പാമ്പിനെ ദേഹത്തേയ്ക്ക് കീടനാശിനി ഒഴിച്ച് ആള്‍ക്കൂട്ടം; ‘വാട്ടര്‍ ട്രീറ്റ്‌മെന്റ്’ നല്‍കി ജീവന്‍ രക്ഷിച്ച് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്‍!

ജീവനും കൊണ്ട് പാഞ്ഞ പാമ്പിന്റെ ദേഹത്തേയ്ക്ക് ഒരു കൂട്ടര്‍ കീടനാശിനി ഒഴിക്കുകയായിരുന്നു.

ഇന്‍ഡോര്‍: പാമ്പെന്ന് കേട്ടാല്‍ തന്നെ ഏവര്‍ക്കും ഭയമായിരിക്കും. പക്ഷേ അതിനെ സ്‌നേഹിക്കുന്നവരും ഉണ്ട്. അത്തരത്തിലൊരു സ്‌നേഹമാണ് ഇവിടെയും ചര്‍ച്ചയാകുന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടുപോയ പാമ്പിനെ രക്ഷിച്ച ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായ ഷേര്‍ സിങ് ആണ് ആ മൃഗസേനഹി. ഇന്‍ഡോറിലെ ഒരു സ്‌കൂള്‍ പരിസരത്ത് പാമ്പിനെ കണ്ടതോടെ ആളുകള്‍ ബഹളം വെക്കുകയും കിട്ടിയ കമ്പും കോലും കൊണ്ട് ഉപദ്രവിക്കുകയും ചെയ്തു.

ജീവനും കൊണ്ട് പാഞ്ഞ പാമ്പിന്റെ ദേഹത്തേയ്ക്ക് ഒരു കൂട്ടര്‍ കീടനാശിനി ഒഴിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള വ്യഗ്രതയ്ക്കിടെ കീടനാശിനി അതിന്റെ വായിലും വയറ്റിലുമെത്തി. അവശ നിലയിലായ പാമ്പിനെ കണ്ട ഷേര്‍ സിങ് ഒരു സ്‌ട്രോ ഉപയോഗിച്ച് വയറ്റിലേക്ക് വെള്ളമൊഴിച്ചു കൊടുത്തു. തുടര്‍ന്ന് വെളളവും കീടനാശിനിയും പാമ്പ് ചര്‍ദ്ദിച്ചു.

ഇതോടെ ജീവന്‍ വീണ്ടെടുത്തു. നടത്തിയത് വാട്ടര്‍ ട്രീറ്റ്‌മെന്റ് ആയിരുന്നു. ജീവന്‍ വീണ്ടെടുത്ത പാമ്പിനെ വെള്ളം നിറച്ച ബക്കറ്റിലേക്ക് മുക്കിയെടുത്തതോടെ പാമ്പ് ഉഷാറായി. അത് വിഷപ്പാമ്പായിരുന്നില്ലെന്നും ഭയം കൊണ്ടാണ് ആളുകള്‍ ഇത്തരം ജീവികളെ ഉപദ്രവിക്കുന്നതെന്നും വന്യജീവി സ്‌നേഹി കൂടിയായ ഷേര്‍ സിങ് പറയുന്നു.

Exit mobile version