കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എസ്‌സി-എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കണം; ആവശ്യവുമായി രാഹുല്‍ ഗാന്ധി

ആര്‍ജെഡിയും ലീഗും രാജിയില്‍നിന്ന് പിന്മാറാന്‍ രാഹുലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തനിക്ക് പകരം ഈ പദവിയിലേക്ക് ഒബിസി, എസ്‌സി-എസ്ടി വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായി സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടതായാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, രാഹുലിന്റെ രാജി അനാവശ്യമാണെന്ന അഭിപ്രായമാണ് നേതാക്കളും അണികളും പ്രകടിപ്പിക്കുന്നത്. രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുലിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമം നടത്തുന്നുമുണ്ട്. രാഹുലിനെ അനുനയിപ്പിക്കാന്‍ യുപിഎ സഖ്യകക്ഷികളും രംഗത്തെത്തിയിരുന്നു.

ആര്‍ജെഡിയും ലീഗും രാജിയില്‍നിന്ന് പിന്മാറാന്‍ രാഹുലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്തവര്‍ അധ്യക്ഷപദത്തിലേക്ക് കടന്നുവരണമെന്ന് രാഹുല്‍ നേതാക്കളോട് നേരത്തെ പറഞ്ഞിരുന്നു.

Exit mobile version