കലാപദേശത്തു നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയെ കര്‍ഫ്യു ലംഘിച്ച് ആശുപത്രിയിലെത്തിച്ചു! ജീവന്‍ പണയം വെച്ച് ആ ദൗത്യം ഏറ്റെടുത്ത ഓട്ടോ ഡ്രൈവര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

രണ്ട് ദിവസം മുന്‍പാണ് സംഭവം. സാമുദായിക സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഹൈലകണ്ടി നഗരത്തില്‍ കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഗുവാഹത്തി: കലാപത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച ആസാമിലെ ഹൈലകണ്ടിയില്‍ നിന്ന് നിരോധനാജ്ഞ ലംഘിച്ച് പൂര്‍ണ്ണ ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ പ്രസവത്തിന് മുന്‍പ് സുരക്ഷിതയായി ആശുപത്രിയിലെത്തിച്ച് മുസ്ലീമായ ഓട്ടോ ഡ്രൈവര്‍.

രണ്ട് ദിവസം മുന്‍പാണ് സംഭവം. സാമുദായിക സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഹൈലകണ്ടി നഗരത്തില്‍ കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങള്‍ പോലും ഇവിടെ നിരോധിച്ചിരുന്നു. ഇതിനിടെയാണ് നന്ദിതയ്ക്ക് പേറ്റുനോവ് ഉണ്ടായത്. ഭര്‍ത്താവ് റുബോണ്‍ ദാസ് ഭാര്യയെ എങ്ങിനെ ആശുപത്രിയിലെത്തിക്കുമെന്ന് വിഷമിച്ച് നില്‍ക്കുമ്പോഴാണ് സഹായവുമായി അയല്‍വാസി മഖ്ബൂല്‍ വന്നത്. എന്ത് പ്രശ്‌നമുണ്ടെങ്കിലും താന്‍ ഓട്ടോയിറക്കാമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ നന്ദിതയ്ക്ക് പേറ്റുനോവുണ്ടായപ്പോള്‍ വാഹനവുമായി എത്താന്‍ നിരവധി ബന്ധുക്കളെ റുമോണ്‍ ദാസ് വിളിച്ചിരുന്നു. എന്നാല്‍ ആരും വാഹനമിറക്കാന്‍ തയ്യാറായില്ല. ഈ സമയത്താണ് മുസല്‍മാനായ മഖ്ബൂല്‍ രംഗത്ത് വന്നത്. സമയത്ത് ആശുപത്രിയില്‍ എത്തുമോയെന്ന പേടി മാത്രമായിരുന്നു തന്റെ മനസില്‍ ആ സമയത്ത് ഉണ്ടായിരുന്നതെന്ന് മഖ്ബൂല്‍ പിന്നീട് പ്രതികരിച്ചു. സമയത്തിന് എത്തിക്കാന്‍ സാധിച്ചതിലും അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നതിലും ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നന്ദിതയെ സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് മഖ്ബൂലിന്റെ ധീരതയും മനുഷ്യത്വവും കൊണ്ട് മാത്രമാണെന്ന് പിന്നീട് ഇവരെ സന്ദര്‍ശിച്ച ജില്ല പോലീസ് സൂപ്രണ്ട് മോഹനീഷ് മിശ്ര പറഞ്ഞു. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സ്‌നേഹത്തോടെ കഴിയുന്ന ഇത്തരം കഥകളാണ് നാട് കേള്‍ക്കേണ്ടതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

രാജ്യത്ത് മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വേര്‍തിരിവുകള്‍ ശക്തമാകുന്നതിനിടെയാണ് പരസ്പര സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും വലിയ മാനങ്ങളുള്ള ഈ സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന സംഘര്‍ഷത്തില്‍ പോലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 15ഓളം പേര്‍ക്ക് പരിക്കേറ്റു. 12 കടകള്‍ കൊള്ളയടിച്ചു. 15 വാഹനങ്ങളാണ് തകര്‍ക്കപ്പെട്ടത്.

Exit mobile version