തൊഴില്‍ ഓട്ടോ ഡ്രൈവര്‍; താമസം ആഢംബര വില്ലയില്‍! ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് സുബ്രമണിയുടെ ജീവിത കഥ

സുബ്രമണി താമസിക്കുന്നത് 1.6 കോടി രൂപ വിലവരുന്ന ആഢംബര വില്ലയിലും.

ബംഗളൂരു: ജോലി ഓട്ടോ ഡ്രൈവര്‍, താമസമോ ആഢംബര വില്ലയില്‍ സുബ്രമണിയുടെ ജീവിത കഥ ഇങ്ങനെ…

ഒരു സാധാരണകാരനായ ഓട്ടോ ഡ്രൈവറാണ് സുബ്രമണി. സുബ്രമണി താമസിക്കുന്നത് 1.6 കോടി രൂപ വിലവരുന്ന ആഢംബര വില്ലയിലും. ഇത് എങ്ങനെ സാധിക്കുന്നുവെന്ന സംശയം എല്ലാവരിലും വരും. അതുപോലെ സുബ്രമണിയുടെ ആഢംബര ജീവിതം കണ്ട അയല്‍ക്കാര്‍ക്കും അത്ഭുതവും ചില സംശയങ്ങളും തോന്നി. കാരണം വേറൊന്നുമല്ല. സുബ്രമണിയുടെ തൊഴില്‍ ഓട്ടോറിക്ഷ ഓടിക്കലാണ്. സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് ഇത്രയും വിലമതിക്കുന്ന ഒരു വില്ലയില്‍ എങ്ങനെ താമസിക്കാനാകും എന്നതാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.

ഒടുവില്‍ അവരെല്ലാം ഒത്തുകൂടി ആദായനികുതി വകുപ്പിന് വിവരം നല്‍കി. അപ്പോഴാണ് ഞെട്ടക്കുന്ന വിവരം ലഭിക്കുന്നത്. ഐടി ഹബ്ബായ വൈറ്റ് ഫീല്‍ഡിലാണ് വില്ല. 37-കാരനായ സുബ്രമണിയുടെ ആഢംബരജീവിതത്തിന്റെ പിന്നില്‍ അമേരിക്കന്‍ വനിതയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. 72 വയസ്സുള്ള അമേരിക്കന്‍ വനിത ചാരിറ്റി പ്രവര്‍ത്തനത്തിനായാണ് ബംഗളൂരുവിലെത്തിയത്. ഇവര്‍ യാത്ര ചെയ്തിരുന്നത് സുബ്രമണിയുടെ ഓട്ടോയിലാണ്. ഇയാളുടെ സാമ്പത്തിക ബുദ്ധിമുട്ടും സത്യസന്ധതയും പരിഗണിച്ച് അമേരിക്കന്‍ വനിത വാടകയ്ക്ക് താമസിച്ച വില്ല സുബ്രമണിക്ക് വാങ്ങി നല്‍കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വില്ല നിര്‍മ്മിച്ച റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

2013ലാണ് അമേരിക്കന്‍ വനിത വില്ല വാടകയ്‌ക്കെടുക്കുന്നത്. തുടര്‍ന്ന് 2015-ല്‍ വില്ല വാങ്ങാന്‍ സുബ്രമണി ആഗ്രഹം പ്രകടിപ്പിക്കുകയും തുടര്‍ന്ന് സ്വന്തമാക്കുകയും ചെയ്തു. വില്ലയ്ക്കായി 1.6 കോടിയുടെ ചെക്കാണ് നല്‍കിയതെന്നും വില്ല നിര്‍മ്മാതാക്കള്‍ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. സുബ്രമണിയുടെ ജീവിത രീതിയില്‍ അയല്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ രണ്ടാം വാരത്തില്‍ ആദായ നികുതി പരിശോധന നടത്തുകയായിരുന്നു.

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയതെന്നും വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സുബ്രമണി പറയുന്നു. എന്നാല്‍ അയല്‍ക്കാരായ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ആദായനികുതി വകുപ്പിന് തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version