കാണാതായ പഴയ എംപിക്ക് വിട നല്‍കി ഒരു താമര പാര്‍ലമെന്റിലേക്ക് അയക്കൂ; അഭ്യര്‍ത്ഥനയുമായി സ്മൃതി ഇറാനി

അമേഠിയിലെ ധരൈയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് മീറ്റിംഗിലാണ് മണ്ഡലത്തിലെ എംപിയായ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു കൊണ്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വോട്ട് അഭ്യര്‍ഥന

അമേഠി: കാണാതായ എംപിക്ക് വിട നല്‍കി ഒരു താമര പാര്‍ലമെന്റിലേക്ക് അയക്കൂവെന്ന അഭ്യര്‍ത്ഥനയുമായി അമേഠിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. അമേഠിയിലെ ധരൈയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് മീറ്റിംഗിലാണ് മണ്ഡലത്തിലെ എംപിയായ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു കൊണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വോട്ട് അഭ്യര്‍ഥന.

കാണാതായ എംപി അഞ്ച് വര്‍ഷം കൂടുമ്പോള്‍ തന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മാത്രമാണ് മണ്ഡലത്തില്‍ എത്തുന്നതെന്നും, നാമനിര്‍ദേശ പത്രിക നേരിട്ടെത്തി സമര്‍പ്പിക്കുക എന്നത് നിര്‍ബന്ധമല്ലായിരുന്നുവെങ്കില്‍ ആ വരവും ഉണ്ടാകില്ലായിരുന്നുവെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

15 വര്‍ഷത്തിനിടെ മണ്ഡല വികസനത്തിനായുള്ള എംപി ഫണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചിട്ടില്ലയെന്നും, മണ്ഡലത്തില്‍ കാണാത്ത, പാര്‍ലമെന്റില്‍ കേള്‍ക്കാത്ത ഒരു നേതാവിന് ഇത്തവണ എന്തായാലും യാത്രയയപ്പ് നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മണ്ഡലത്തിലെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരിക്കലും വിവേചനം കാണിച്ചിരുന്നില്ല. അതേസമയം മോഡിയെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എപ്പോഴും ശ്രമിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. അതോടൊപ്പം നരേന്ദ്ര മോഡിയുടെ സന്ദേശവുമായാണ് താന്‍ എത്തിയതെന്നും ബിജെപിയെ ശക്തിപ്പെടുത്തി വീണ്ടും അധികാരത്തിലേറ്റാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടുവെന്നാണ് അറിയിച്ചതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

Exit mobile version