കേരളത്തില്‍ അയ്യപ്പന്റെ പേര് പോലും പറയാന്‍ പറ്റാത്ത അവസ്ഥ; തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ശബരിമലയെ ആളിക്കത്തിച്ച് പ്രധാനമന്ത്രി

ബംഗളൂരു: കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ശബരിമലയെന്ന് വാക്കുപോലും ഉച്ഛരിക്കാതെ അതീവ ശ്രദ്ധാലുവായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, തെക്കേ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ശബരിമലയെ ആളിക്കത്തിക്കുകയാണ്.

കോഴിക്കോട് വിജയ് സങ്കല്‍പ് റാലിയില്‍ ഏറ്റെടുത്ത ശബരിമല വിഷയം തമിഴ്നാട്ടിലും കര്‍ണാടകത്തിലും മുഖ്യവിഷയമാണ്. തേനിയില്‍ ബിജെപി പ്രചാരണ റാലിയിലും പ്രധാന വിഷയം ശബരിമലയായിരുന്നു.

ബിജെപിയുടെ സിറ്റിംഗ് സീറ്റും ശക്തി കേന്ദ്രവുമായ മംഗലാപുരത്തുമെത്തിയതോടെ പ്രസംഗത്തിന് തീവ്രത അല്‍പം കൂടി. കേരളത്തില്‍ അയ്യപ്പ ഭഗവാന്റെ പേരു പറയാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് മോഡി തുറന്നടിച്ചു.

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നതിനാലാണ് ഈ അവസ്ഥയുണ്ടായത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് അയ്യപ്പന്റെ പേരില്‍ 15 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്നും മോഡി ആരോപിച്ചു.

കേരളത്തില്‍ അയ്യപ്പ ഭഗവാന്റെ പേരു പറയാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും സിപിഎമ്മും ലീഗും നടത്തുന്നത് അപകടകരമായ കളിയാണെന്നും മോഡി ആരോപിച്ചു. എന്നാല്‍ ബിജെപി എന്നും വിശ്വാസികള്‍ക്കൊപ്പം നിന്ന പാര്‍ട്ടിയാണെന്നും നരേന്ദ്ര മോഡി അവകാശപ്പെട്ടു.

അതേസമയം, സൈന്യം പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ വീണ്ടും ഇടം പിടിച്ചു. ബലിദാനികളെ കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടാകുന്നു. തീവ്രവാദികളെ അവരുടെ താവളങ്ങളില്‍ കയറി കീഴ്പ്പെടുത്തുന്നതിനെ വിമര്‍ശിക്കുകയാണ്. സൈന്യാധിപനെ പോലും അവഹേളിക്കുകയാണ് കോണ്‍ഗ്രസെന്നും മോഡി പറഞ്ഞു.

Exit mobile version