‘ഹേയ്..അരുത്, പോലീസ് സാബ് എന്റെ പ്രവര്‍ത്തകരെ തല്ലരുത്’; ലാത്തി വീശിയ പോലീസില്‍ നിന്നും പ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി; വീഡിയോയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയ പോലീസിനെ ശാസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അടുത്തുനിന്നു കാണാനും ഷേക്ക് ഹാന്‍ഡ് നല്‍കാനുമായി ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയ പോലീസിനെ ശാസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരക്ക് കൂട്ടിയ ജനക്കൂട്ടത്തെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പോലീസ് ഓടിച്ചത്. എന്നാല്‍, ഇത് ശ്രദ്ധയില്‍പ്പെട്ട രാഹുല്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സുരക്ഷാ ജീവനക്കാര്‍ക്ക് ഇടയിലൂടെ പോലീസിന്റെ ലാത്തിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുകയായിരുന്നു. പോലീസിനോട് ഉച്ചത്തില്‍ തന്റെ പ്രവര്‍ത്തകരെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെടുന്ന രാഹുലിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.


തെലങ്കാനയിലെ ഹൊസുര്‍നഗറിലായിരുന്നു സംഭവം. രാഹുലിനെ കാണാനായി ഇവിടേക്ക് എത്തിയത് ആയിരക്കണക്കിന് പ്രവര്‍ത്തകരായിരുന്നു. രാഹുല്‍ ഇവര്‍ക്ക് അരികിലൂടെ കടന്നുപോയതോടെ സുരക്ഷാ നിര്‍ദേശങ്ങള്‍ മറികടന്ന് ജനങ്ങള്‍ ആര്‍ത്തിരമ്പി രാഹുലിനടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. ഇതോടെ പോലീസ് ഇടപെടുകയും ലാത്തി വീശി ജനങ്ങളെ ഓടിക്കുകയുമായിരുന്നു.

പോലീസ് സാബ്, ദയവായി നിര്‍ത്തൂ, പ്രവര്‍ത്തകരെ തല്ലരുതെന്ന് പറഞ്ഞ് രാഹുല്‍ ഇടപെടുകയും ചെയ്തു. പിന്നീട് പ്രോട്ടോക്കോള്‍ കാര്യമാക്കാതെ പ്രവര്‍ത്തകരുടെ അടുത്തേക്ക് രാഹുല്‍ കടന്നുചെല്ലുകയായിരുന്നു. ജനങ്ങള്‍ക്കൊപ്പം സുരക്ഷയൊരുക്കാന്‍ എത്തിയ പോലീസും തെല്ലൊന്ന് അമ്പരക്കുന്നതായിരുന്നു രാഹുലിന്റെ പ്രവര്‍ത്തി. ഒരു നിമിഷം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നിന്നുപോയ പോലീസ് പിന്നീട് ഓടിക്കൂടിയ ജനങ്ങളെ പണിപെട്ടാണ് ലാത്തി ഉപയോഗിക്കാതെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചത്‌. ജനക്കൂട്ടം ആര്‍ത്തുവിളിച്ച് ഓടിയെത്തുന്നത് കണ്ട രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വളഞ്ഞ് സുരക്ഷയൊരുക്കുകയായിരുന്നു.

Exit mobile version