കോണ്‍ഗ്രസ് കോടികള്‍ വാങ്ങി ലോക്‌സഭാ സീറ്റുകള്‍ വില്‍ക്കുന്നു; ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി മുന്‍ എഐസിസി സെക്രട്ടറി പാര്‍ട്ടി വിട്ടു

ഹൈദരാബാദ്: കോണ്‍ഗ്രസ് പാര്‍ട്ടി കോടികള്‍ വാങ്ങിച്ചാണ് ലോക്‌സഭാ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന ഗുരുതര ആരോപണവുമായി തെലങ്കാനയില്‍ നിന്നുള്ള മുന്‍ എഐസിസി സെക്രട്ടറി സുധാകര്‍ റെഡ്ഡി. ആരോപണങ്ങള്‍ ഉയര്‍ത്തിയതിനു പിന്നാലെ റെഡ്ഡി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് അയക്കുകയും ചെയ്തു. പാര്‍ട്ടിയുടെ പാരമ്പര്യത്തിന് നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പണാധിപത്യമാണ് പാര്‍ട്ടിയിലെന്നും റെഡ്ഡി ആരോപിച്ചു.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും തെലങ്കാനയില്‍ കോണ്‍ഗ്രസ് സീറ്റ് അനുവദിച്ചത് കോടികള്‍ കൈപ്പറ്റി കൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന് അയച്ച കത്തില്‍ അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടി ടിക്കറ്റിന് കോടികള്‍ വാങ്ങുകയെന്നത് ഞെട്ടിക്കുന്ന വിവരമാണ്. പാര്‍ട്ടിയിലെ ഈ വാണിജ്യവത്കരണം തന്നെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ പരാജയമാണ് പാര്‍ട്ടിയിലെ ഈ തെറ്റായ കീഴ്‌വഴക്കത്തിന് പിന്നിലെന്നും അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തി.

‘ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് പാര്‍ട്ടിയില്‍ എന്താണ് നടക്കുന്നത് എന്ന് എഐസിസിയെ അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇടനിലക്കാര്‍ ഇതിനു വിലങ്ങ് തടിയായി. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ സമീപനം തന്നെ അസ്വസ്ഥനാക്കുകയാണ്. തീവ്രവാദം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ അസ്ഥിരമായ നിലപാടാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന ഹൈക്കമാന്റും പാര്‍ട്ടിയുടെ പേര് നശിപ്പിക്കുകയാണ്’-റെഡ്ഡി ആരോപിക്കുന്നു. നിരുത്തരവാദപരമായി ഇനിയും പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പി സുധാകര്‍ റെഡ്ഡി തന്റെ രാജിക്കത്തില്‍ വിശദീകരിക്കുന്നു.

Exit mobile version