യാത്രക്കാര്‍ക്കുള്ള ഭക്ഷണം മോഷ്ടിച്ചു, നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കുള്ള ഭക്ഷണം മോഷ്ടിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ
അച്ചടക്ക നടപടിയെടുത്ത് എയര്‍ ഇന്ത്യ. നാല് ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.

കാറ്ററിംഗ് വിഭാഗത്തിലെ രണ്ടു പേര്‍ക്കെതിരെയും ക്യാബിന്‍ ക്രൂ വിഭാഗത്തിലെ രണ്ടു പേര്‍ക്കെതിരെയുമാണ് നടപടി. യാത്രക്കാര്‍ക്ക് വിളമ്പാത്ത ഭക്ഷണങ്ങളും, സാധനങ്ങളും മോഷ്ടിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

വിമാന സര്‍വ്വീസ് കഴിഞ്ഞ ശേഷം വിതരണം ചെയ്യാതെ സൂക്ഷിച്ചിരുന്ന ഭക്ഷണങ്ങളും, സാധനങ്ങളും സ്വന്തം ആവശ്യത്തിനായി ജീവനക്കാര്‍ കൊണ്ടുപോകുന്നതിനെതിരെ അനിവാര്യമായ നടപടി എടുക്കുമെന്ന്, 2017 ആഗസ്റ്റില്‍ എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ അശ്വനി ലോഹാനി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ കാരണത്താല്‍ മുന്‍പ് കാറ്ററിംഗ് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് മാനേജരെയും സീനിയര്‍ അസിസ്റ്റന്റിനെയും 63 ദിവസത്തേക്കും മൂന്നുദിവസത്തേക്കുമായി സസ്പെന്‍ഡ് ചെയ്തിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹി- സിഡ്നി വിമാനത്തിലെ രണ്ട് ക്യാബിന്‍ ക്രൂ അംഗങ്ങളെ ഭക്ഷണമോഷണത്തിനിടെ കയ്യോടെ പിടികൂടിയിരുന്നതായും അധികൃതര്‍ അറിയിച്ചു.

Exit mobile version