മോഡി രാജ്യത്തിന്റെ 30,000 കോടി മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി; പാപ്പര്‍ ഹര്‍ജി നല്‍കിയ സുഹൃത്തിനോടുള്ള മോഡിയുടെ ‘ആത്മാര്‍ത്ഥത’യെ ചോദ്യം ചെയ്ത് രാഹുല്‍

ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്കായി സൈന്യം ഉപയോഗിക്കേണ്ട 30,000കോടി രൂപ മോഷ്ടിച്ച് പ്രധാനമന്ത്രി മോഡി അനില്‍ അംബാനിക്ക് നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യം ഇത് മറക്കരുത്. സ്വന്തം നിലയിലാണ് മോഡി ഈ മോഷണം നടത്തിയതെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ കടബാധ്യത പെരുകിയതോടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (ആര്‍കോം) പാപ്പര്‍ ഹര്‍ജി നല്‍കാനൊരുങ്ങുകയാണെന്ന് അറിയിച്ചിരുന്നു. കമ്പനിക്ക് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പോലും പണമില്ല. അതിനാല്‍ നിയമപ്രകാരം പാപ്പര്‍ ഹര്‍ജി നല്‍കുമെന്നാണ് പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

അതേസമയം, ഈ പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനി തന്നെയാണ് റാഫേല്‍ ഇടപാടില്‍ കരാര്‍ ലഭിച്ചിരിക്കുന്ന റിലയന്‍സ് ഡിഫിന്‍സ് ലിമിറ്റഡിന്റെ ഉടമയായും. അതുകൊണ്ട് തന്നെ കടത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ സുഹൃത്തായ അംബാനിക്ക് മോഡി നല്‍കിയ സഹായമായാണ് റാഫേല്‍ കരാറിനെ വിലയിരുത്തുന്നതും. നേരത്തെ തന്നെ അനില്‍ അംബാനിയെ സഹായിക്കാന്‍ കേന്ദ്രം ഇടപെട്ടതായി ആരോപണമുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ വിവാദം കോണ്‍ഗസ് ഏറ്റെടുക്കുമെന്നാണ് വിവരം.

2015 ഏപ്രില്‍ മാസം നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് മോഡി റാഫേല്‍ ഇടപാട് ഒപ്പിട്ടത്. ഈ സന്ദര്‍ശനത്തിന് കേവലം പത്തു ദിവസം മുമ്പ് മാത്രമാണ് കരാര്‍ ലഭിച്ച അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫിന്‍സ് ലിമിറ്റഡ് അഞ്ചു ലക്ഷം രൂപ മുതല്‍മുടക്കി കമ്പനി രൂപീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റ് പറയുന്നത്.

വിവാദമായ ഈ ഇടപാടില്‍ ഫ്രാന്‍സില്‍ നിന്നും 60,000 കോടി രൂപയ്ക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഈ ഇടപാടിലൂടെ 30,000 കോടി രൂപയാണ് അനില്‍ അംബാനിയുടെ കമ്പനിക്ക് ലഭിക്കുക.

Exit mobile version