പാർലമെന്റ് ഉദ്ഘാടനത്തിനിടെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം കനത്തു; സാക്ഷി മാലിക്ക് ഉൾപ്പടെയുള്ള താരങ്ങൾ അറസ്റ്റിൽ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് കടന്നെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥയുണ്ടാക്കിയത്. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, നൂറിലേറെ പ്രതിഷേധക്കാർ ജന്തർ മന്ദറിൽ എത്തിച്ചേർന്നിട്ടുണ്ട്.പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ പോലീസ് അനുവദിച്ചില്ലെങ്കിൽ അവിടെ വെച്ച് തന്നെ മഹാപഞ്ചായത്ത് നടത്തുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

അതേസമയം, തങ്ങൾ ബാരിക്കേഡ് തകർത്തിട്ടില്ലെന്ന് ഗുസ്തി താരം ബജ്റംഗ് പുനിയ പറഞ്ഞു. പാർലമെന്റിലേക്ക് പോകാൻ പോലീസ് അനുവദിച്ചില്ല. തുടർന്ന് ചില പ്രതിഷേധക്കാർ ബാരിക്കേഡ് ചാടി മുന്നോട്ട് നീങ്ങിയെന്നാണ് താരം വിശദാകരിച്ചത്.

സമരത്തിന് പിന്തുണയുമായെത്തിയ കർഷകരെയും ഡൽഹി അതിർത്തികളിൽ പോലീസ് തടഞ്ഞിട്ടുണ്ട്. പഞ്ചാബിൽനിന്നുള്ള കർഷക സംഘടനയായ ‘പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി’ പ്രവർത്തകരെയാണ് അംബാല അതിർത്തിയിൽ തടഞ്ഞിരിക്കുന്നത്. നിരവധി കർഷക നേതാക്കളും പോലീസ് കസ്റ്റഡിയിലുണ്ട്.

ALSO READ- നടപടി നേരിടുന്ന സ്ഥാപനവുമായി ഇടപാട്; ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ 36.3 കോടിയുടെ ആസ്തി കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്

ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ സർക്കാർ നടപടി എടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ്, പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ വെച്ച് പ്രതിഷേധപരിപാടിയായ ‘മഹിളാ സമ്മാൻ മഹാപഞ്ചായത്ത്’ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇത് തടയുന്നതിന് ശക്തമായ പോലീസ് സന്നാഹമാണ് ഡൽഹിയിലൊരുക്കിയിരിക്കുന്നത്.

Exit mobile version