കൊച്ചി:ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബൈജൂ രവീന്ദ്രന്റെ ബൈജൂസ് ആപ്പ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ബൈജൂസ് ആപ്പാണ് ആദ്യമായി മാതൃകയായി എത്തിയത്.
2011 ലാണ് ബൈജൂസ് ആപ്പിന് തുടക്കം കുറിക്കുന്നത്. ‘ബൈജൂസ് ലേണിങ് ആപ്പ്’ വളര്‍ച്ച ഏറെ ശ്രദ്ധനേടിയിരുന്നു. ഫേസ്ബുക്കിന്റെ സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മൂലധനനിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാര്‍ട്ട്അപ്പ് കൂടിയാണ് ബൈജൂസ്.
ഇപ്പോഴിതാ ബൈജൂസ് ആപ്പില്‍ നിന്ന് ഏകദേശം 600 തൊഴിലാളികളെ പിരിച്ചുവിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബൈജൂസ് ഏറ്റെടുത്ത ടോപ്പര്‍, വൈറ്റ്ഹാറ്റ് എന്നീ കമ്പനിയില്‍ 300 പേരെ വീതമാണ് പിരിച്ചുവിടുന്നത്. ഈ രണ്ട് കമ്പനികളിലെയും സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ്, കണ്ടന്റ്, ഡിസൈന്‍ ടീമുകളില്‍ നിന്നുള്ള മുഴുവന്‍ സമയ കരാര്‍ ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിടുന്നത്.
ബിസിനസില്‍ വരാനിരിക്കുന്ന മാറ്റങ്ങളും മുന്നോട്ട് നയിക്കാനുള്ള ദീര്‍ഘകാല വളര്‍ച്ചയും മുന്‍നിര്‍ത്തിയാണ് നിലവിലെ മാറ്റങ്ങള്‍ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകളോട് ബൈജൂസിന്റെ പ്രതികരണം. ഗ്രൂപ്പ് കമ്പനികളിലുടനീളം ഞങ്ങളുടെ ടീമുകളെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട് എന്നും കമ്പനി വ്യക്തമാക്കുന്നു.
ബൈജൂസ് ഏറ്റെടുത്ത ആകാശ് എജുക്കേഷന്‍ സര്‍വീസ് എന്ന കമ്പനിക്ക് വലിയ തുക നല്‍കാന്‍ കാലതാമസമുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് ബൈജൂസിന്റെ പിരിച്ചുവിടല്‍ നടപടിയും. ആകാശ് കമ്പനിയ്ക്ക് നല്‍കാനുള്ള തുക ഓഗസ്റ്റോടെ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.