പാര്‍ട്ടി സ്ഥാപകദിനത്തില്‍ എകെ ആന്റണിക്ക് പിറന്നാള്‍ മധുരം; സ്‌പെഷ്യല്‍ കേക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണിയുടെ പിറന്നാള്‍ മറ്റ് നേതാക്കളെ അറിയിച്ചതും കേക്ക് സമ്മാനിച്ചതും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപന ദിനത്തില്‍ തന്നെ പിറന്നാള്‍ മധുരവുമായി മുതിര്‍ന്ന നേതാവ് എകെ ആന്റണി. പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണിയുടെ പിറന്നാള്‍ മറ്റ് നേതാക്കളെ അറിയിച്ചതും കേക്ക് സമ്മാനിച്ചതും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്.

പാര്‍ട്ടിയുടെ 134-ാം സ്ഥാപന ദിനാഘോഷത്തിനായി ഇന്നലെ എഐസിസി ആസ്ഥാനത്തെത്തിയപ്പോഴാണ് രാഹുല്‍ കേക്കുമായി എത്തി എകെ ആന്റണിയെ ആശംസകള്‍ അറിയിച്ചത്. പാര്‍ട്ടിയുടെ പിറന്നാള്‍ കേക്കും ഇതിനോടൊപ്പം രാഹുല്‍ എത്തിച്ചിരുന്നു. പാര്‍ട്ടിയുടെ കേക്ക് രാഹുലും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും ചേര്‍ന്നു മുറിച്ചതിനു പിന്നാലെ, ആന്റണി തന്റെ 78ാം പിറന്നാളിന്റെ കേക്ക് മുറിച്ചു.

ചടങ്ങില്‍ പങ്കെടുത്ത നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍, മോത്തിലാല്‍ വോറ, ആനന്ദ് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ പിറന്നാള്‍ ഗാനം ആലപിച്ചു. എല്ലാവര്‍ക്കും മധുരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണു തന്റെ ദൗത്യമെന്നു രാഹുല്‍ പറഞ്ഞു. വൈകിട്ട് ചേര്‍ന്ന പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആന്റണിക്ക് ആശംസയുമായി എത്തി.

Exit mobile version