പോക്‌സോ കേസില്‍ അതിവേഗം വിചാരണ: 15 ദിവസം കൊണ്ട് പ്രതിയ്ക്ക് വധശിക്ഷ വിധിച്ചു, ഇരയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

പട്‌ന: പോക്‌സോ കേസില്‍ അതിവേഗം വിചാരണ നടത്തി പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ബിഹാറിലെ കോടതി. അരാറിയയിലെ പ്രത്യേക പോക്‌സോ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി ശശികാന്ത് റായിയാണ് കുറ്റപത്രം സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചത്.

ആറുവയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മുഹമ്മദ് മേജര്‍(48) എന്നയാള്‍ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മാത്രമല്ല, പതിനായിരം രൂപ പിഴയും പ്രതി അടയ്ക്കണം. ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം ഡി.എല്‍.എസ്.എ. സെക്രട്ടറിയോടാണ് പണം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ബര്‍ഗാമ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീര്‍നഗര്‍ സ്വദേശിയായ മുഹമ്മദ് ആറുവയസ്സുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2021 ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പരാതി ലഭിച്ചതോടെ പോലീസ് മുഹമ്മദിനെതിരേ കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.

Read Also: കൃത്യസമയത്ത് ഫീസടയ്ക്കാന്‍ സാധിച്ചില്ല: പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തില്‍ ബിരുദവിദ്യാര്‍ഥിനി ജീവനൊടുക്കി

അന്വേഷണ ഉദ്യോഗസ്ഥയായ റിത കുമാരി ജനുവരി 12-ാം തീയതി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്നാണ് കോടതി അതിവേഗം വിചാരണ ആരംഭിച്ചത്. ജനുവരി 20-ാം തീയതി കേസ് പരിഗണിച്ച കോടതി 22-ാം തീയതി പ്രതിക്കെതിരേയുള്ള കുറ്റങ്ങള്‍ ചുമത്തി. തുടര്‍ന്ന് 25-ാം തീയതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജനുവരി 27-ന് വധശിക്ഷ വിധിക്കുകയുമായിരുന്നു.

പ്രത്യേക പോക്‌സോ കോടതിയുടെ ശിക്ഷാവിധിയെ ചരിത്രപരമായ വിധിയെന്നാണ് ഇരയുടെ അഭിഭാഷകനായ എല്‍.പി.നായക് വിശേഷിപ്പിച്ചത്. കുറ്റകൃത്യം നടന്ന് 56 ദിവസത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചതെന്നും കഴിഞ്ഞവര്‍ഷം ഡിസംബര്‍ രണ്ടാം തീയതിയാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതെന്നും അരാറിയ പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ സിങ്ങും പ്രതികരിച്ചു.

ജനുവരി 25-ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ജനുവരി 27-ന് പ്രതിക്ക് വധശിക്ഷയും വിധിച്ചു. ഇരയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version