ബിപിന്‍ റാവത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഗുജറാത്തില്‍ ഒരാള്‍ അറസ്റ്റില്‍

അഹമ്മദാബാദ് : ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണത്തിനോടനുബന്ധിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഗുജറാത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.അംറേലി സ്വദേശിയായ ശിവഭായ് റാം എന്ന നാല്പ്പത്തിനാലുകാരനെയാണ് സൈബര്‍ ക്രൈം സെല്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമം(153എ), മതവികാരം വ്രണപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍(295എ) എന്നിവ പ്രകാരമാണ് ശിവഭായ് റാമിനെ അറസ്റ്റ് ചെയ്തതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ ജിതേന്ദ്ര യാദവ് അറിയിച്ചു. ഇയാളുടെ മുന്‍ പോസ്റ്റുകളും അപകീര്‍ത്തികരമായ രീതിയിലുള്ളതായിരുന്നുവെന്നും പുതിയ പരാമര്‍ശത്തോടെയാണ് ഇവയെല്ലാം ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവഭായ് റാമിന് രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നുവെന്നും വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ താല്പര്യമുള്ള വ്യക്തിയാണിയാള്‍ എന്നുമാണ്‌ വിവരം.ജനറല്‍ റാവത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പരിശോധിച്ചു വരുന്നതിനാല്‍ സാമൂഹിക മാധ്യമ പോസ്റ്റിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ വൈകുന്നേരം 4.50നാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. ജനറല്‍ റാവത്തിനും പത്‌നി മധുലിക റാവത്തിനും ഒരേ ചിതയിലാണ് അന്ത്യവിശ്രമം.

Exit mobile version